ബാങ്കോക്ക്∙ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ കുട്ടികളിൽ എട്ടാമനെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഇനി നാലു കുട്ടികളും ഫുട്ബോൾ പരിശീലകനും മാത്രമാണു ഗുഹയിൽ ശേഷിക്കുന്നത്. ഇവരിൽ ചിലരെ ചേംബർ–3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായാണു വിവരം. ഇവിടെ നിന്നു രണ്ടു കിലോമീറ്റർ മാത്രമാണു ഗുഹാമുഖത്തേക്കുള്ളത്. എട്ടു പേരും രക്ഷപ്പെട്ടു പുറത്തെത്തിയതായി തായ്‌ലൻഡ് നേവി സീലും വ്യക്തമാക്കി. രക്ഷാപ്രവർത്തനം ഇന്നത്തേക്ക് അവസാനിപ്പിച്ചിരിക്കുകയാണ്. ദിവസവും നാലു പേരെ വീതം പുറത്തെത്തിക്കാനാണു ശ്രമമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ചയോടെ രക്ഷാപ്രവർത്തനം അവസാനിക്കുമെന്നാണു സൂചന. ചൊവ്വ രാവിലെ പതിനൊന്നിനു വീണ്ടും രക്ഷാപ്രവർത്തനം ആരംഭിക്കും.
രക്ഷാപ്രവർത്തനം വിലയിരുത്താൻ തായ് പ്രധാനമന്ത്രി ജനറല്‍ പ്രയുത് ചനോച്ച വൈകിട്ടോടെ ചിയാങ് റായിയിൽ എത്തി. രക്ഷപ്പെടുത്തിയ കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രി ഇവിടെയാണ്. താം ലുവാങ് ഗുഹാപരിസരം പ്രധാനമന്ത്രി സന്ദർശിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ അവസാനനിമിഷം ഒഴിവാക്കി.
മഴ പെയ്യട്ടെ, അവർ സുരക്ഷിതർ
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു രക്ഷാപ്രവർത്തനം ആരംഭിച്ചത്. താം ലുവാങ് ഗുഹാമുഖത്ത് കനത്ത മഴ പെയ്തിട്ടും രക്ഷാപ്രവർത്തനത്തെ യാതൊരു തരത്തിലും ബാധിച്ചില്ലെന്നു ഗവര്‍ണർ നാരോങ്സാക്ക് ഒസാട്ടനകൊൺ വ്യക്തമാക്കി. ഞായറാഴ്ച രാത്രി കനത്ത മഴ പെയ്തിട്ടും അത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചില്ല. മഴവെള്ളം ഗുഹയ്ക്കു പുറത്തേക്കു പമ്പു ചെയ്തു കളഞ്ഞു. ഗുഹയ്ക്കകത്തു നിലവിൽ വെള്ളക്കെട്ടില്ല. രക്ഷാപ്രവർത്തനത്തെ മഴ ബാധിക്കാതിരിക്കാൻ കനത്ത മുൻകരുതലുകളെടുക്കുന്നുണ്ടെന്നും നാരോങ്സാക്ക് അറിയിച്ചു. അതേസമയം കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ശക്തമാകാത്തതും രക്ഷാപ്രവർത്തകർക്ക് ആശ്വാസം പകരുന്നുണ്ട്.
തായ് മാധ്യമ പ്രവർത്തകർക്കെതിരെ രൂക്ഷവിമർശനമാണു രക്ഷാപ്രവർത്തകർ ഉന്നയിച്ചത്. ഹെലികോപ്ടർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പ്രാദേശിക മാധ്യമം ഡ്രോൺ പറത്തിയത് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. പൊലീസ് റേഡിയോ ഫ്രീക്വൻസി തായ് മാധ്യമ പ്രവർത്തകർ അനധികൃതമായി ചോർത്തുന്നതായും വ്യക്തമായിട്ടുണ്ട്. ഇത് ആശയവിനിമയത്തിനു തടസ്സം സൃഷ്ടിച്ചു. കുട്ടികളെ രക്ഷിക്കാൻ തീവ്രശ്രമങ്ങൾ നടത്തുന്നതിനിടെ ഇത്തരം കാര്യങ്ങളിൽ നിന്നു മാറിനിൽക്കണമെന്നും പൊലീസ് വക്താവ് ആവശ്യപ്പെട്ടു.
കൂടുതൽ കരുത്തുറ്റ കുട്ടികളെയാണു ഞായറാഴ്ച ആദ്യം പുറത്തിറക്കിയതെന്നും നാരോങ്സാക്ക് പറഞ്ഞു. ദുർബലരായ കുട്ടികളെയാണ് ആദ്യം ഗുഹയ്ക്കു പുറത്തെത്തിച്ചതെന്ന് ഇന്നലെ റിപ്പോർട്ടുണ്ടായിരുന്നു.
Infographics: കുട്ടികൾ ഗുഹയിൽ കുടുങ്ങിയതെങ്ങനെ?
രക്ഷപ്പെടുത്തിയ നാലു കുട്ടികളും പൂർണ ആരോഗ്യവാന്മാരാണെങ്കിലും ഇവരെ കാണാൻ മാതാപിതാക്കളെ ഇതുവരെ അനുവദിച്ചിട്ടില്ല. മെഡിക്കൽ പരിശോധനാഫലം വരുന്നതു വരെ കാത്തിരിക്കേണ്ടതുണ്ട്. രാത്രിയോടെ കുട്ടികളെ കാണാൻ അനുവദിക്കും. എന്നാൽ അണുബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ കുട്ടികളെ സ്പർശിക്കാൻ ബന്ധുക്കളെ അനുവദിക്കില്ല.
രക്ഷാദൗത്യം സംബന്ധിച്ചു രാവിലെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നിർണായ യോഗം ചേർന്നിരുന്നു. ഇന്നലെ രക്ഷപ്പെടുത്തിയ കുട്ടികളെല്ലാം പൂർണ ആരോഗ്യവാന്മാരാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാലു പേർ വീതമാണു കുട്ടികളെ പുറത്തെത്തിക്കുന്നത്. ഇന്നലെ നാലു കുട്ടികളെ പുറത്തെത്തിച്ച ഡൈവർമാർ ഇന്നു വീണ്ടും രക്ഷാപ്രവർത്തനത്തിനിറങ്ങിയിരുന്നു. ഗുഹയിലെ ദുർഘട പാത ഇവർക്കു കൃത്യമായി അറിയാവുന്ന സാഹചര്യത്തിലായിരുന്നു ഇത്.
നെഞ്ചിടിപ്പിന്റെ ഞായറാഴ്ച
ശനിയാഴ്ച ഗുഹയിലെത്തിയ ഓസ്ട്രേലിയൻ മെഡിക്കൽ സംഘം കുട്ടികളുടെ ആരോഗ്യനില പരിശോധിച്ച് പട്ടിക തയാറാക്കിയിരുന്നു. തുടർന്നു ഞായറാഴ്ച തായ് സമയം വൈകിട്ട് 5.40നാണ് (ഇന്ത്യൻ സമയം വൈകിട്ട് 4.10) ആദ്യത്തെ കുട്ടിയെ ഗുഹയ്ക്കു പുറത്തെത്തിച്ചത്. കുട്ടി ആരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പിന്നാലെ ഒന്നൊന്നായി മൂന്നു പേരെക്കൂടി എത്തിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് രക്ഷാദൗത്യം ആരംഭിച്ചത്. 90 നീന്തൽ വിദഗ്ധരാണ് പ്രത്യേക ദൗത്യ സംഘത്തിലുള്ളത്. ഇതിൽ 50 പേർ തായ് നാവികസേനാംഗങ്ങളും 40 പേർ വിദേശികളുമാണ്.
ഒരാളെ പുറത്തെത്തിക്കാൻ എട്ടു മണിക്കൂറോളം എടുത്തു. അടിയൊഴുക്കും ആഴവുമുള്ള ചെളിനിറഞ്ഞ വെള്ളക്കെട്ടുകൾ, ഒരാൾക്കു കഷ്ടിച്ചു കടന്നുപോകാവുന്ന ഇടുക്കുകൾ എന്നിവ പിന്നിട്ടാണ് അതിസാഹസികമായി രക്ഷിച്ചത്.
ജൂൺ 23ന് വൈകിട്ട് ഫുട്ബോൾ പരിശീലനത്തിനു ശേഷം ഉത്തര തായ്‍ലൻഡിലെ ചിയാങ് റായ് മേഖലയിലുള്ള താം ലുവാങ് ഗുഹയ്ക്കുള്ളിൽ കയറിയതാണ് കൗമാരക്കാരായ 12 കുട്ടികളും അവരുടെ 25 വയസ്സുള്ള കോച്ചും. ഇവർ ഉള്ളിൽ കയറിയ ഉടൻ മഴ പെയ്തതിനെത്തുടർന്നാണ് അകത്തു കുടുങ്ങിയത്. പത്താം ദിവസമാണ് ഗുഹയുടെ നാലു കിലോമീറ്റർ ഉള്ളിൽ ഇവരെ കണ്ടെത്തിയത്.