Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുരാരി കൂട്ടമരണം: ‘കൊലയാളിയെ’ തേടി പൊലീസ്, 200 പേരെ ചോദ്യം ചെയ്തു

Delhi Burari Deaths ഭാട്ടിയ കുടുംബം.

ന്യൂഡല്‍ഹി∙ ബുരാരിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ‘കൊലയാളിയെ’ തേടി പൊലീസ്. കൂട്ടമരണം ‘മോക്ഷപ്രാപ്തിയുടെ’ ഭാഗമായുള്ള ആത്മഹത്യയാണെന്നുറപ്പിച്ച ക്രൈംബ്രാഞ്ച് സംഘം, ഇതിനു പിന്നിലെ പ്രേരകശക്തി ആരാണെന്നു കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി, മരിച്ചവരില്‍ ഉള്‍പ്പെട്ട പ്രിയങ്ക ഭാട്ടിയയുടെ പ്രതിശ്രുത വരനെ ചോദ്യം ചെയ്തു. പ്രിയങ്കയുടെ വിവാഹം ഈ വര്‍ഷം അവസാനം നടക്കാനിരിക്കേയാണു മരണം. ഭാട്ടിയ കുടുംബം ഏതെങ്കിലും അനാചാരങ്ങള്‍ക്ക് അടിപ്പെട്ടിരുന്നതായി തനിക്ക് അറിയില്ലെന്ന് ഇയാൾ മൊഴി നല്‍കിയെന്നാണു റിപ്പോർട്ട്.

Lalit-Bhatia--Burari-Deaths.jpg.image.784.410

മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നാണു പൊലീസ് വൃത്തങ്ങൾ പറയുന്നത്. പ്രിയങ്കയ്ക്കു ജാതകദോഷം ഉള്ളതിനാലാണു വിവാഹം നീണ്ടുപോയതെന്നു നേരത്തേ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു പ്രിയങ്കയുടെ വിവാഹനിശ്ചയം. ഇരുനൂറോളം പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. ഭാട്ടിയ കുടുംബത്തിലെ 11 പേര്‍ക്കും വിഭ്രാന്തിയുടെ ലക്ഷണങ്ങളുണ്ടായിരുന്നിരിക്കാം എന്നാണ് പൊലീസ് നിഗമനം.

ജൂലൈ ഒന്നിനു രാവിലെയാണു ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായണി ദേവി (77), ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം (12), പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരാണു മരിച്ചത്. 

Burari-Delhi-Murder.jpg.image.784.410

സംഭവത്തിനു പിന്നിൽ പന്ത്രണ്ടാമൻ ഉണ്ട് എന്ന കാര്യത്തിൽ ബന്ധുക്കളും നിർണായക മൊഴി നല്‍കിയതായാണു സൂചന. സംഭവത്തെ മന്ത്രവാദത്തിൽ തളച്ചിടാതെ പുതിയ അന്വേഷണം വേണമെന്ന അപേക്ഷയും ബന്ധുക്കൾ പൊലീസിനു കൈമാറിയിരുന്നു. സംഭവദിവസം ഭാട്ടിയ കുടുംബത്തിന്റെ പ്രധാന ഗേറ്റ് തുറന്ന നിലയിലായിരുന്നു. തുറന്ന ഗേറ്റിലൂടെയാണ് അയൽവാസികളിലൊരാൾ രാവിലെ അകത്തു കയറിയതും 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതും. ഇതാണു പന്ത്രണ്ടാമന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള തെളിവായി ബന്ധുക്കൾ പറയുന്നത്. യാതൊരു തരത്തിലുള്ള മന്ത്രവാദവുമായും ഭാട്ടിയ കുടുംബത്തിനു ബന്ധമുണ്ടായിരുന്നില്ലെന്ന് അയൽവാസികൾ ഉറപ്പിക്കുന്നു. 

Delhi Burari Deaths

ഗീത മാ എന്ന പേരിലുള്ള പൂജാരിണിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ വീട്ടിൽ ചെറുക്ഷേത്രം നിർമിക്കാനും പൂജിക്കാനും വേണ്ടിയാണു താൻ സാധാരണ പോകാറുള്ളതെന്നും ഭാട്ടിയ കുടുംബത്തിൽ ഇതുവരെ പോയിട്ടില്ലെന്നുമാണ് ഇവർ പറയുന്നത്. ലളിതിനെ ആദ്യമായി കാണുന്നതു സംഭവത്തിനു പിന്നാലെ ടിവിയിലാണെന്നും ഗീത പറഞ്ഞു. ബുരാറാരിയിലെ വീട് നിർമിച്ച കോൺട്രാക്ടറുടെ മകളാണ് ഗീത. 

Delhi Burari Family

കൊലപാതകമായാണു നിലവിൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട ഭാട്ടിയ കുടുംബത്തിലെ മുതിർന്ന അംഗം നാരായണി ദേവി കഴുത്തിൽ ബെൽറ്റു മുറുക്കി കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇത്. ശേഷിച്ച 10 പേരും കഴുത്തിൽ കുരുക്കു മുറുകിയാണു മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടും. ആരും ശാരീരിക ആക്രമണത്തിന് ഇരയായിട്ടില്ലെന്നും വ്യക്തമാണ്. ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല.

Burari Delhi Murder

സംഭവം നടന്ന രാത്രി പുലർച്ചെ രണ്ടു മുതൽ നാലു വരെ പ്രദേശത്ത് പവർകട്ടായിരുന്നു. മരണം നടന്ന വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ വയറുകൾ രണ്ടു ദിവസം മുൻപേ തന്നെ ആരോ അറുത്തു മാറ്റിയിരുന്നതായും കണ്ടെത്തി. കാവൽനായയെ മുകളിലെ നിലയിൽ കെട്ടിയിട്ട നിലയിലാണു കണ്ടെത്തിയത്. ഇതിനെ കൂട്ടിലടയ്ക്കുകയാണു പതിവ്. ഇതെല്ലാം കേസിൽ പന്ത്രണ്ടാമന്റെ സാന്നിധ്യമുണ്ടെന്ന സംശയമേറ്റുന്നു.

മരിച്ചവരുടെ മാനസിക നില സംബന്ധിച്ച കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനായി ‘സൈക്കളോജിക്കൽ ഓട്ടോപ്സി’ക്ക് ഒരുങ്ങുകയാണു പൊലീസ്. മരണത്തിന് തൊട്ടുമുൻപ്, അല്ലെങ്കിൽ അവസാന നിമിഷങ്ങളിൽ 11 പേരുടെയും മാനസിക നില എന്തായിരുന്നുവെന്നു പരിശോധിക്കുകയാണു ലക്ഷ്യം. അന്വേഷണം ചിലപ്പോൾ ആഴ്ചകൾക്കും മാസങ്ങൾക്കും മുൻപു വരെയുള്ള മാനസികനില പരിശോധനയിലേക്കു നീളും. മരിച്ചവരുടെ ബന്ധുക്കളിൽനിന്നും ഇവരുമായി ബന്ധമുണ്ടായിരുന്ന മറ്റുള്ളവരിൽനിന്നും ഉൾപ്പെടെ ശേഖരിക്കുന്ന വിവരങ്ങളാണ് ഇക്കാര്യത്തിൽ ഉപയോഗിക്കുക. 

related stories