ന്യൂഡൽഹി ∙ ബുറാഡിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിൽ മാനസിക വിശകലനം റിപ്പോർട്ട് പുറത്ത്. സിബിഐയുടെ സെൻട്രൽ ഫൊറൻസിക് സയൻസസ് ലബോറട്ടറിയിലെ (സിഎഫ്എസ്എൽ) വിദഗ്ധരുടെ സമിതിയാണു കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ പരിശോധിച്ചത്. ‘അവർ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല’ എന്നു റിപ്പോർട്ടു ലഭിച്ചശേഷം ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
മാനസിക വിശകലനം റിപ്പോർട്ട് ലഭിച്ചതായി ഡിസിപി (ക്രൈം) ജോയ് ടിർക്കി അറിയിച്ചു. ബുറാഡി കൂട്ടമരണത്തിൽ മാനസിക വിശകലനം നടത്താൻ ഡൽഹി പൊലീസാണു സിബിഐയോട് ആവശ്യപ്പെട്ടത്. മരിച്ചയാളുടെ മെഡിക്കൽ പശ്ചാത്തലത്തിന്റെയും സുഹൃത്തുക്കൾ, മറ്റ് കുടുബാംഗങ്ങൾ എന്നിവരോടു സംസാരിച്ചുമാണു മാനസികാവസ്ഥ വിശകലനം ചെയ്തത്. മരണത്തിനു കാരണമായ മാനസികാവസ്ഥ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ജൂലൈ ഒന്നിനാണ് കുടുംബാംഗങ്ങളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മോക്ഷപ്രാപ്തിക്കു വേണ്ടിയുള്ള മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവം ആത്മഹത്യയെന്നു ഉറപ്പിക്കുമ്പോഴും അതിലേക്കു നയിച്ചതെന്തെന്നു വ്യക്തമല്ല. വ്യത്യസ്തമായ അന്വേഷണ രീതികൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണു മാനസിക വിശകലന പരിശോധനയും നടത്തിയത്.
ബുറാഡി സന്ത്നഗറിലെ ഭാട്ടിയ കുടുംബത്തിലെ നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. 11 പേരിൽ പത്തുപേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു.
പരിശോധനയുടെ ഭാഗമായി സിഎഫ്എസ്എലിലെ മൂന്നു വിദഗ്ധർ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികളെടുത്തു. 11 പേരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായി പഠിച്ചു. കൂട്ടമരണം നടന്ന വീടു സന്ദർശിച്ച ശേഷമാണു റിപ്പോർട്ട് തയാറാക്കിയത്. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട്, കയ്യക്ഷര വിദഗ്ധരുടെ റിപ്പോർട്ട് എന്നിവ കൂടി ക്രൈംബ്രാഞ്ചിനു ലഭിക്കാനുണ്ടെന്നു പൊലീസ് പറഞ്ഞു. പത്തിലധികം നോട്ടുബുക്കുകൾ വീട്ടിൽനിന്നു പൊലീസ് കണ്ടെടുത്തിരുന്നു. കുടുംബാംഗങ്ങളുടെ കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയ ഈ ഡയറിക്കുറിപ്പുകൾ അന്വേഷണത്തിൽ നിർണായകമാണ്.
എന്നാൽ, നഗരത്തെ ഞെട്ടിച്ച കൂട്ടമരണത്തിലെ ദുരൂഹത ഇനിയും നീക്കാൻ പൊലീസിനായിട്ടില്ല. മോക്ഷപ്രാപ്തിക്കു വേണ്ടിയുള്ള മരണമെന്ന നിഗമനത്തോടു കുടുംബാംഗങ്ങൾക്കു യോജിപ്പില്ല. മരിച്ച ലളിത് ഭാട്ടിയയുടെ ഡയറിക്കുറിപ്പുകൾ മാത്രമാണു മോക്ഷപ്രാപ്തിക്കു വേണ്ടിയുള്ള കർമമെന്ന വിശദീകരണത്തിലേക്കു പൊലീസിനെ എത്തിക്കുന്നത്. എന്നാൽ ഇത്തരം സംഭവം നടക്കുന്നതിന്റേതായ സൂചനയൊന്നും ബന്ധുക്കൾക്കോ പരിസരവാസികൾക്കോ ലഭിച്ചിരുന്നില്ല.
ലളിതിന്റെ മൂത്ത സഹോദരൻ ദിനേഷ് സിങ്, സഹോദരി സുജാത നാഗ്പാൽ എന്നിവർക്കും ഇതേക്കുറിച്ച് അറിവില്ല. ചില സമയത്തു പിതാവിന്റെ ആത്മാവ് തന്നിൽ പ്രവേശിക്കാറുണ്ടെന്നു ലളിത് കുടുംബത്തെ വിശ്വസിപ്പിച്ചിരുന്നുവെന്നു ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുമ്പോഴും മറ്റു കുടുംബാംഗങ്ങൾക്ക് ഇക്കാര്യത്തിൽ ഒരറിവുമില്ല. എന്നാൽ ലളിതിന്റെ ഭാര്യ ടിന ചിലരോട് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതിനോടകം നൂറിലേറെപ്പേരെ ചോദ്യം ചെയ്തു. ദുർമന്ത്രവാദി മാതാ ഗീതയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ലളിത് ഭാട്ടിയയുടെ വീട്ടിൽ ദുരൂഹമായ പതിനൊന്നു പൈപ്പുകൾ സ്ഥാപിച്ചത് ഇവരുടെ നിർദേശപ്രകാരമാണെന്നായിരുന്നു സംശയം. മാതാ ഗീതയുടെ പിതാവിനെയും ചോദ്യം ചെയ്തിരുന്നു. കൃത്യം നടത്താൻ പുറത്തുനിന്നാരെങ്കിലും പ്രേരണ ചെലുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. 11 പേർ മരിച്ച സംഭവത്തിൽ, 10 പേരുടെ മരണം ആത്മഹത്യ ആണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.