Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുറാഡി കൂട്ടമരണം: ആ രാത്രി എല്ലാറ്റിന്റെയും നിശബ്ദ സാക്ഷി, നായ്ക്കുട്ടിയും ചത്തുവീണു

Delhi Burari Deaths ടോമിയെ കൂട്ടിലടച്ച നിലയിൽ (ഇടത്) ഭാട്ടിയ കുടുംബാംഗങ്ങളിൽ ചിലർ (വലത്–ഫയൽ ചിത്രം)

ന്യൂഡൽഹി∙ ദുരൂഹതകൾക്കു വിശ്രമമില്ല; ബുറാഡിയിലെ സന്ത്നഗറിൽ 11 പേരുടെ കൂട്ടമരണത്തിനു നിശബ്ദ സാക്ഷിയായിരുന്ന നായ്ക്കുട്ടിക്കും ദാരുണാന്ത്യം. ടോമി എന്നു പേരിട്ടു ഭാട്ടിയ കുടുംബം വളർത്തിയിരുന്ന നായ്ക്കുട്ടിയാണ് അഭയകേന്ദ്രത്തിൽ ചത്തുവീണത്. പെട്ടെന്നുണ്ടായ ‘ഷോക്കിൽ’ ഹൃദയാഘാതം സംഭവിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട ഭാട്ടിയ കുടുംബം താമസിച്ചിരുന്ന വീട്ടിൽ ജീവനോടെ അവശേഷിച്ചിരുന്ന അവസാനത്തെ അംഗമാണ് ചത്തുവീണത്. 

ഇക്കഴിഞ്ഞ ജൂൺ 30ന് ആണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങി മരിച്ച നിലയിലായിരുന്നു. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം നാരായൺ ദേവി(77)യുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. നാരായൺ ദേവിയുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം, പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെയാണു തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. 

Read: പ്രേതനിഴലിൽ ബുറാഡി; ജനങ്ങൾ വീടൊഴിയുന്നു 

മൃതദേഹങ്ങൾക്കു സമീപം ഒരു ഗ്രില്ലിൽ കെട്ടിയിട്ട നിലയിലായിരുന്നു ടോമി. പിറ്റ്ബുൾ ഇനത്തിൽപ്പെട്ട ഈ സങ്കരയിനം നായ്ക്കുട്ടി മരണം നടന്ന ദിവസം ശബ്ദമൊന്നുമുണ്ടാക്കിയില്ലെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നു. എന്നാൽ അർധരാത്രി ഇതിന്റെ കുര കേട്ടിരുന്നതായി മറ്റു ചിലർ പറഞ്ഞു.

കൂട്ടമരണത്തിനു ശേഷം ടോമിയെ ഡൽഹി പൊലീസ് സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. പിറ്റ്ബുള്‍ ഇനമായതിനാൽത്തന്നെ അക്രമാസക്തനായിരുന്നു ടോമി. എന്നാൽ ഇതിന്റെ സംരക്ഷണത്തിനു തയാറാണെന്നു കാണിച്ച് സഞ്ജയ് മോഹപത്ര എന്ന മൃഗ സംരക്ഷകൻ രംഗത്തു വന്നു. പൊലീസ് നിയമ നടപടികളെല്ലാം പൂർത്തിയാക്കി ടോമിയെ നോയിഡയിലുള്ള സഞ്ജയുടെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ചെയ്തു. 

തുടക്കത്തിൽ ഏറെ അപകടകാരിയായിരുന്ന ടോമി പിന്നീട് ആവശ്യത്തിനു ശുശ്രൂഷ ലഭിച്ചതോടെ ശാന്തനായി മാറിയെന്നും സഞ്ജയ് പറയുന്നു. ഏഴു വയസ്സുകാരനായ ടോമി കൂട്ടമരണ സംഭവത്തിനു ശേഷം ക്ഷീണിതായിരുന്നു. എന്നാൽ ശരിയായ പരിചരണം ലഭിച്ചതോടെ തൂക്കം ഉൾപ്പെടെ കൂടി ഊർജസ്വലത കൈവരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെ ഭക്ഷണം നൽകി. അഞ്ചു മണിക്ക് സംരക്ഷണ കേന്ദ്രത്തിലെ കാവൽക്കാരനൊപ്പം നടക്കാൻ പോയി. തിരികെ വന്ന് ഗേറ്റ് കടന്നയുടനെ നിലത്തേക്കു വീഴുകയായിരുന്നു. ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ചത്തു. 

തുടർന്നു സംഭവം നോയിഡയിലെയും ഡൽഹിയിലെയും പൊലീസിനെ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനിടയിലാണ് ‘ഷോക്ക്’ കൊണ്ടുള്ള ഹൃദയാഘാതമാണെന്നു വ്യക്തമായത്. പിന്നീട് പ്രത്യേക പൂജകളോടെ ടോമിയുടെ മൃതദേഹം അടക്കുകയും ചെയ്തു. സ്ഥിരം ഉടമകളുടെ സമീപത്തു നിന്നു മാറി നിൽക്കുമ്പോൾ വളർത്തുനായ്ക്കളുടെ ആരോഗ്യം ക്ഷയിക്കുന്നതു പതിവാണ്. എന്നാൽ ടോമിയുടെ കാര്യത്തിൽ അങ്ങനെയുണ്ടായിരുന്നില്ലെന്ന് നാരായൺ ദേവിയുടെ പേരക്കുട്ടിയായ പ്രകാശ് സിങ് പറയുന്നു. 

ഭാട്ടിയ കുടുംബത്തിലെ അവശേഷിക്കുന്ന ഒരേയൊരു അംഗമെന്ന നിലയിൽ ടോമിയെ ഏറ്റെടുക്കാനുള്ള ശ്രമത്തിലായിരുന്നു പ്രകാശ്. മറ്റുള്ളവരോട് ഇണങ്ങുന്ന വിധത്തിൽ ടോമിയെ പരിശീലിപ്പിച്ചെടുക്കണമെന്നും പ്രകാശ് സഞ്ജയിനോട് ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്കിടെ വിഡിയോ കോളിലൂടെയും ടോമിയുടെ ആരോഗ്യനില പ്രകാശ് പരിശോധിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ ടോമി ചത്തുപോയ വിവരം അറിയുന്നത്. രാജസ്ഥാനിലെ ക്വാട്ടയിലാണ് പ്രകാശിന്റെ കുടുംബം. ബെംഗളൂരുവിലാണ് ഇദ്ദേഹത്തിനു ജോലി. 

‘സന്ത്നഗറിലെ വീട്ടിലേക്കെത്തുമ്പോൾ ടോമിയുമായി വലിയ അടുപ്പമൊന്നും കാണിക്കാറില്ലായിരുന്നു. വീട്ടില്‍ എല്ലായിപ്പോഴും മുകളിലെ നിലയിലെ ഗ്രില്ലിനോടു ചേർന്നു കെട്ടിയിടുകയാണു പതിവ്. അക്രമാസക്തനായിരുന്നെങ്കിലും ഭവ്നേഷിനോട് പ്രത്യേക താൽപര്യമായിരുന്നു ടോമിക്ക്...’ പ്രകാശ് പറഞ്ഞു. ടോമിയുടെ ഓർമയിൽ നോയിഡയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ പുതിയ ആനിമൽ ഔട്ട്–പേഷ്യന്റ് വകുപ്പ് ആരംഭിക്കാനാണു സഞ്ജയിന്റെ തീരുമാനം.

related stories