കണ്ണൂർ∙ കതിരൂരിനു സമീപം വേറ്റുമ്മലെ ഗോഡൗണിൽനിന്ന് 1200 ലീറ്റർ വ്യാജ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. വിപണിയിൽ രണ്ടുലക്ഷത്തോളം രൂപ വിലയുള്ള വെളിച്ചെണ്ണ ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഒഴുക്കിക്കളഞ്ഞു. നിരോധിച്ച കേര മൗണ്ട്, കേര വൃക്ഷ, കൊക്കോ മേൻമ, കേര കൂൾ എന്നീ പേരുകളിലുള്ള വെളിച്ചെണ്ണയാണു പിടിച്ചെടുത്തത്. ഒരു ലീറ്ററിന്റെ 10 പാക്കറ്റ് വീതമുള്ള 100 പെട്ടികളും 15 ലീറ്റർ വീതമുള്ള 15 ടിന്നുകളും അര ലീറ്റർ, 100 എംഎൽ പാക്കറ്റുകളുമാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ടി.അജിത്ത് കുമാർ, ഓഫിസർമാരായ കെ.പി.രാജീവൻ, കെ.പി.മുസ്തഫ, ഡ്രൈവർ കെ.വി.സുരേഷ് കുമാർ എന്നിവരാണു സംഘത്തിൽ ഉണ്ടായിരുന്നത്. പാലക്കാട് കുന്നാച്ചിയിലെ വിഷ്ണു ഓയിൽ മില്ലിൽ ഉൽപാദിപ്പിച്ചത് എന്നാണു പെട്ടികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ഭാഗത്തു പരിശോധന കർശനമാക്കിയതോടെ അവിടെനിന്നു കണ്ണൂരിലെ ഗ്രാമപ്രദേശങ്ങളിൽ വിൽപനയ്ക്കു കൊണ്ടു പോകാൻ സൂക്ഷിച്ചതാണ് ഇവയെന്നു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇരിട്ടി, കൂട്ടുപുഴ ഭാഗത്തു പരിശോധനയ്ക്കിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൂട്ടുപുഴയിൽ നിന്ന് 30 ലീറ്റർ വെളിച്ചെണ്ണ പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു. പിടികൂടിയ വെളിച്ചെണ്ണ നശിപ്പിക്കണമെന്ന ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിർദ്ദേശം അനുസരിച്ചാണ് ഇവ ഒഴുക്കികളഞ്ഞത്.