കോട്ടയം ∙ അടുക്കളയിലെ ഉപയോഗത്തിനു ശേഷം പുറന്തള്ളുന്ന പാചക എണ്ണയിൽ നിന്നു ബയോ ഡീസൽ ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്ഐ) രംഗത്ത്. എണ്ണയിൽ വറുത്തെടുക്കുന്ന വിഭവങ്ങൾ ഏറെയുള്ള കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണു ‘റുക്കോ’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ പ്രധാന പ്രതീക്ഷ.
ബയോ ഡീസൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ബിഡിഎഐ) സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി വഴി ഈ സാമ്പത്തിക വർഷം 8.63 കോടി ലീറ്റർ ബയോഡീസൽ ഉൽപാദിപ്പിച്ചു വിതരണം ചെയ്യാനാണു ശ്രമം. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണവും പദ്ധതിക്കു പിന്നിലുണ്ട്. ഉപയോഗിച്ച എണ്ണ പുറത്തേക്ക് ഒഴുക്കുന്നതും ഇതു വഴി തടയാനാകുമെന്നു പ്രതീക്ഷിക്കുന്നു.
ഓയിൽ മാർക്കറ്റിങ് കമ്പനികൾ ഓരോ വർഷവും സംഭരിക്കുന്ന പാചക എണ്ണ ശേഖരത്തിലും വർധനയുള്ളതു പദ്ധതിക്കു മികച്ച സ്വീകാര്യത ലഭിക്കുമെന്നതിന്റെ തെളിവായി വ്യാഖ്യാനിക്കുന്നുണ്ട്. ബയോ ഡീസലിനുള്ള ചരക്കു സേവന നികുതി നിരക്ക് 18 ശതമാനത്തിൽ നിന്ന് 12 ആക്കിയതും പദ്ധതിക്കു ഗുണമാകും. ഇതു വരെ 64 കമ്പനികളാണു ബയോഡീസൽ ശേഖരിക്കുന്നത്. ബെംഗളുരു ആസ്ഥാനമായ ഗ്രീൻ ഫ്യൂവൽസ് കേരളത്തിൽ നിന്നടക്കം പാചക എണ്ണ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിവർഷം 1200 ടൺ പാചക എണ്ണയാണ് ഇവർ ബയോ ഡീസലാക്കി മാറ്റുന്നത്.