എ.എൻ.ഷംസീറിന്റെ ഭാര്യയ്ക്ക് വഴിവിട്ട് നിയമനം: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി ∙ റാങ്ക് പട്ടിക മറികടന്ന് എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രഫസറായി കരാർ നിയമനം നൽകിയതിൽ കണ്ണൂര്‍ സര്‍വകലാശാലയോടു ഹൈക്കോടതി വിശദീകരണം തേടി. സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ എംഎഡ് വിഭാഗത്തിലാണു ഷംസീറിന്റെ ഭാര്യ ഷഹലയ്ക്കു നിയമനം നൽകിയത്. സർവകലാശാലയുടെ വിശദീകരണം കേട്ട ശേഷം അന്തിമവിധി പറയും.

ഒന്നാം റാങ്കുകാരിയായ ഉദ്യോഗാർഥിയെ മറികടന്നാണു രണ്ടാം റാങ്കുകാരിയായ ഇവർക്കു നിയമനം നൽകിയത്. ഇതിനെതിരെയാണ് ഒന്നാം റാങ്ക് നേടിയ ഡോ. എം.പി.ബിന്ദു ഹൈക്കോടതിയിൽ ഹർജി നൽകിയത്. സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നാണു സർവകലാശാല നൽകുന്ന വിശദീകരണം.

എന്നാൽ, പൊതുനിയമനത്തിനു വേണ്ടിയാണു സർവകലാശാല വിജ്ഞാപനമിറക്കിയത്. അഭിമുഖത്തിൽ ഷംസീറിന്റെ ഭാര്യയ്ക്കു രണ്ടാം റാങ്കാണു ലഭിച്ചത്. ഇതോടെയാണു കരാർ നിയമനത്തിനു സംവരണം നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചത്. തുടർന്ന് ഒബിസി സംവരണത്തിൽ എംഎൽഎയുടെ ഭാര്യയ്ക്കു നിയമനം നൽകുകയായിരുന്നു.