ഗ്രേറ്റർ നോയിഡ∙ ഉത്തർ പ്രദേശിൽ രണ്ടു കെട്ടിടങ്ങൾ തകർന്നു വീണു. അവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെ പേർ കുടുങ്ങിയതായി സംശയം. രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. തകർന്നു വീണതിൽ ഒരെണ്ണം ആറു നിലക്കെട്ടിടമാണ്. ഇത് അടുത്ത കാലത്താണു നിർമാണം പൂർത്തിയായത്. സമീപത്തു നിർമാണത്തിലിരുന്ന നാലു നില കെട്ടിടത്തിലേക്ക് ഈ കെട്ടിടം തകർന്നു വീഴുകയായിരുന്നു. ഗ്രേറ്റർ നോയിഡയിലെ ഷാ ബേരി ഗ്രാമത്തിൽ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.
ആറു നില കെട്ടിടത്തിൽ 10-12 കുടുംബങ്ങളിലായി അൻപതോളം പേർ താമസിക്കുന്നതായി പ്രദേശ വാസികൾ പറഞ്ഞു. നാലു നില കെട്ടിടത്തിൽ ഒട്ടേറെ നിർമാണ തൊഴിലാളികൾ ഉറങ്ങിക്കിടക്കുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ബിസ്‌റാഖ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളതാണ് കെട്ടിടം.
ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അടിയന്തര റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇടുങ്ങിയ വഴിയോരത്താണു തകർന്നു വീണ കെട്ടിടങ്ങളെന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.