കേടുകൂടാതെ മൂന്നുമാസം ഇരിക്കുന്ന പാൽ വരുന്നു

ചെന്നൈ ∙ മൂന്നുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന പാൽ ഉടൻ തന്നെ വിപണിയിൽ ലഭ്യമാകും. ഇത്തരത്തിൽ പാൽ സംസ്കരിക്കുന്നതിനായി പ്രത്യേക പാസ്റ്ററൈസിങ് യൂണിറ്റ് സർക്കാർ പാൽ കമ്പനിയായ ആവിൻ ആരംഭിച്ചു. ഷോളിങ്കനല്ലൂരിൽ 34 കോടി രൂപ ചെലവഴിച്ച് നിർമിച്ച യൂണിറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിച്ചു.139 ഡിഗ്രിയിൽ ചൂടാക്കി സംസ്കരിക്കുന്ന പാൽ 90 ദിവസം കേടുകൂടാതെയിരിക്കുമെന്ന് ആവിൻ ഉദ്യോഗസ്ഥർ പറഞ്ഞു. 

200, 500 മില്ലിലീറ്റർ പാക്കറ്റുകളിലും ഒരു ലീറ്റർ പാക്കറ്റിലും ഇതു വിൽപനയ്ക്കെത്തും. വെല്ലൂർ, കന്യാകുമാരി എന്നിവിടങ്ങളിൽ പുതുതായി ആവിൻ ആരംഭിച്ച വിൽപന കേന്ദ്രങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവള്ളൂർ, വെല്ലൂർ എന്നിവിടങ്ങളിലെ പുതിയ വെറ്ററിനറി ആശുപത്രി, തിരുവണ്ണാമലെ മെഡിക്കൽ കോളജിനോടു ചേർന്ന് 200 കിടക്കകളുള്ള പുതിയ ആശുപത്രി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.