ലോകം അവസാനിപ്പിക്കുന്ന റേഡിയോ ആക്ടീവ് ‘സൂനാമി’; ഭ്രാന്തൻ ആയുധവുമായി റഷ്യ

റഷ്യൻ പ്രതിരോധ വകുപ്പ് പുറത്തുവിട്ട വിഡിയോയിൽ നിന്ന്.

മോസ്കോ∙ ലോകാവസാനത്തിനു തുടക്കം കുറിക്കും വിധം നാശനഷ്ടങ്ങളുണ്ടാക്കുന്ന ആണവായുധം പരീക്ഷിക്കാനൊരുങ്ങി റഷ്യ. ആണവായുധത്തെ വഹിക്കാൻ ശേഷിയുള്ള അണ്ടർ വാട്ടർ വെഹിക്കിൾ(യുയുവി) ആണു റഷ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 100 മെഗാടൺ വരെ ഭാരമുള്ള ആണവ പോർമുനയുമായി ടോർപിഡോ വിക്ഷേപിക്കാനുള്ള ശേഷി ഇതിനുണ്ട്. കൂടാതെ നാവിക കേന്ദ്രങ്ങളും അന്തർവാഹിനികളിൽ റോന്തു ചുറ്റുന്ന സൈനികസംഘങ്ങളെയുമെല്ലാം ആക്രമിക്കാനുള്ള കഴിവും. വേണമെങ്കിൽ ഒരു തീരദേശ നഗരത്തെത്തന്നെ റേഡിയോ ആക്ടീവ് ‘സൂനാമി’യിലൂടെ തച്ചുതകർക്കാനും ഇതിനാകും.

ഗ്രീക്ക് പുരാണ പ്രകാരം കടലിന്റെയും ഭൂകമ്പങ്ങളുടെയും രാജാവായ പൊസൈഡനിന്റെ പേരാണ് ഈ ടോർപിഡോ വാഹിനിക്കു നൽകിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നതിനു പിന്നാലെ ആണവവിദഗ്ധർ വിശേഷിപ്പിച്ചത് ‘ഭ്രാന്തൻ’ ആയുധമെന്നാണ്.

പൊസൈഡന്റെ ഭാഗമായ ടോർപിഡോ(വിഡിയോ ചിത്രം)

യുയുവിയുടെ ഗൈഡൻസ് സിസ്റ്റവും സ്വയം നിയന്ത്രിച്ചു മുന്നോട്ടു പോകാനുള്ള ശേഷിയും പരിശോധിക്കാനുള്ള സമുദ്രത്തിനടിയിലെ പരീക്ഷണം കഴിഞ്ഞയാഴ്ച റഷ്യ ആരംഭിച്ചു കഴിഞ്ഞു. പൊസൈഡൻ വൈകാതെ തന്നെ പ്രവർത്തനക്ഷമമാകുമെന്ന അറിയിപ്പ് റഷ്യൻ പ്രതിരോധ വകുപ്പു തന്നെയാണു പ്രസ്താവനയിലൂടെ പുറത്തുവിട്ടത്. ഇതിന്റെ വിഡിയോയും റഷ്യ പുറത്തുവിട്ടു.

റഷ്യയുടെ ഭയപ്പെടുത്തൽ തന്ത്രം

ഓഷ്യൻ മൾട്ടി പർപ്പസ് സിസ്റ്റം സ്റ്റാറ്റസ് – 6 എന്നും അറിയപ്പെടുന്ന ഈ യുയുവിക്ക് ‘കാന്യൻ’ എന്ന വിളിപ്പേരുമുണ്ട്. യുഎസ് ഇന്റലിജൻസ് വൃത്തങ്ങളാണു പൊസൈഡനെ കാന്യനെന്നു വിശേഷിപ്പിക്കുന്നത്. സ്വയം പ്രവർത്തനശേഷിയുള്ള ആണവ ടോർപിഡോയാണു പൊസൈഡനിലുള്ളത്. ഈ ഭൂഖണ്ഡാന്തര ആണവായുധം പ്രവർത്തിക്കുന്നതും ആണവോർജത്തിലാണ്. കടലിനടിയിൽ ശത്രുവിനെ കണ്ടെത്തി സ്വയം പ്രവർത്തിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്.

ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള സംവിധാനങ്ങൾ യുഎസ് നിർമിക്കുന്നതു ശക്തമാക്കിയതോടെയാണ് അവയെയും തകർക്കാനുള്ള ശേഷി കൈവരിക്കാൻ റഷ്യയും ശ്രമിക്കുന്നത്. ഇരുരാജ്യങ്ങളുടെയും തലവന്മാരായ വ്ളാഡിമിർ പുടിനും ഡോണൾഡ് ട്രംപും ഇതാദ്യമായി കൂടിക്കണ്ടതിനു പിന്നാലെയാണു പൊസൈഡന്റെ വിവരങ്ങൾ പുറത്തുവിട്ടതെന്നതും ശ്രദ്ധേയം. ഒരു അന്തർവാഹിനി കൃത്രിമമായി നിർമിച്ച് അതിനകത്തു ടോർപിഡോയുടെ പ്രവർത്തനം 2010 മുതൽ റഷ്യ പരീക്ഷിക്കുന്നുണ്ടെന്നാണു കരുതുന്നത്. 2015ൽ ഇതിന്റെ ചില ചിത്രങ്ങൾ പുറത്താവുകയും ചെയ്തിരുന്നു.

യുഎസിനെയും നാറ്റോ സഖ്യത്തെയും ഭയപ്പെടുത്തി നിർത്താൻ റഷ്യ ഉപയോഗിക്കുന്ന ഏറ്റവും അവസാനത്തെ തന്ത്രമായിരിക്കും ഇതെന്നാണു വിദഗ്ധർ വിലയിരുത്തുന്നത്. അതേസമയം പൊസൈഡന്റെ ശേഷിയെപ്പറ്റി ഇല്ലാക്കഥകളാണു പ്രചരിപ്പിക്കുന്നതെന്നും റഷ്യ പറയുന്നു.

പൊസൈഡൻ യുയുവിയുടെ വിഡിയോ ചിത്രം.

ന്യൂക്ലിയർ പ്രൊപ്പൽഷൻ സിസ്റ്റവും ആണവ പോർമുനയും ചേർന്ന ടോർപിഡോകൾ 1950കളിൽ സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്തിരുന്നു. ദീർഘദൂരം സ‍ഞ്ചരിക്കാൻ ശേഷിയുള്ളവയായിരുന്നു ഇവ. വിവിധ ശേഷിയിലുള്ള ആണവ പോർമുനകൾ ഈ ടോർപിഡോയിൽ ഉപയോഗിക്കാനാകും. ഏറ്റവും ശേഷിയുള്ള ആണവായുധത്തിനാകട്ടെ രണ്ട് മെഗാടൺ ടിഎൻടി പൊട്ടിത്തെറിക്കുന്നതിനു സമാനമായ നാശനഷ്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. എന്നാൽ ഇക്കാര്യത്തിൽ റഷ്യയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അതിനാൽത്തന്നെ ടോർപിഡോയ്ക്ക് പതിന്മടങ്ങ് ശേഷിയും പ്രതീക്ഷിക്കുന്നുണ്ട്.

ശത്രുക്കളുടെ നാവിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പൊസൈഡൻ വികസിപ്പിച്ചെടുക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിലാണു പിന്നീടു മാറ്റങ്ങൾ വരുത്തിയത്. ഏതു പ്രതിരോധ സംവിധാനത്തെയും തകർക്കാനുള്ള മാറ്റങ്ങളാണ് അതിനാല്‍ത്തന്നെ ഇതിൽ വരുത്തിയിരിക്കുന്നതും. ടോർപിഡോയുടെ ആദ്യപരീക്ഷണം 2019-2020ൽ നടത്തുമെന്നാണു സൂചന. എന്നാൽ രാഷ്ട്രീയപരമായി രാജ്യങ്ങളെ വിറപ്പിച്ചു നിർത്താനുള്ള തന്ത്രമായാണു റഷ്യ ഈ ടോർപിഡോയെ കാണുന്നത്. പൊസൈഡൻ പദ്ധതി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കില്ലെന്നു യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ഇക്കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു.

തീരദേശത്തെ തകർക്കുന്ന ‘സൂനാമി’

നിയന്ത്രിത ആണവ സ്ഫോടനങ്ങളിലൂടെയാണു സാധാരണഗതിയിൽ കടലിനടിയിൽ ആണവായുധങ്ങൾ പ്രവർത്തിക്കാനുള്ള താപവും മർദ്ദവും സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ റേഡിയോ ആക്ടീവ് പ്രസരണമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഈ ഭീതിയെയാണു റഷ്യ തങ്ങളുടെ ടോർപിഡോയിൽ ഉപയോഗപ്പെടുത്തുന്നത്. അതായതു റേഡിയോ ആക്ടീവ് മാലിന്യത്തെ ഉപയോഗപ്പെടുത്തി ഭയപ്പെടുത്തുന്ന ‘ഭ്രാന്തൻ’ രീതി.

അഞ്ചു ദശാബ്ദക്കാലത്തോളം കടലിൽ തങ്ങി നിൽക്കും വിധത്തിലുള്ള റേഡിയോ ആക്ടീവ് പ്രസരണ ഭീഷണിയാണ് ഈ ടോർപിഡോ സൃഷ്ടിക്കുന്നത്. സ്ഫോടനമുണ്ടാകുമ്പോൾ കടലിലെ ചെളിയോ വെള്ളമോ ഇതു വലിച്ചെടുക്കും. പിന്നീടു സ്ഫോടനത്തിന്റെ ‌റേഡിയോ ആക്ടീവ് അവശിഷ്ടവുമായി കൂട്ടിച്ചേർക്കും. ഇതിനെ പുറന്തള്ളുകയും ചെയ്യും. ആയിരക്കണക്കിനു മൈൽ ദൂരത്തേക്കാണ് ഈ അവശിഷ്ടങ്ങളെത്തുക.

റഷ്യയുടെ പൊസൈഡൻ യുയുവിയുടെ വിഡിയോ ചിത്രം.

തെർമോന്യൂക്ലിയർ പോർമുനയാണു ടോർപിഡോയ്ക്കുള്ളത്. കോബാൾട്ട്–59ന്റെ കവചവുമുണ്ട്. സ്ഫോടനമുണ്ടായാൽ ഇത് അതീവ റേഡിയോ ആക്ടീവ് ശേഷിയുള്ള കോബാൾട്ട്–60 ആയി മാറും. ഇതാകട്ടെ മൈലുകളോളം ദൂരത്തേക്കെത്തും. അപകടകരമല്ലാത്ത അവസ്ഥയിലേക്കു കോബാൾട്ട്–60 മാറണമെങ്കിൽ കുറഞ്ഞത് 53 വർഷമെങ്കിലും വേണം.

10,000 കിലോമീറ്റര്‍ വരെ ദൂരത്തിലേക്കു ടോർപിഡോയ്ക്ക് എത്താൻ സാധിക്കും. 3300 അടി താഴെ വരെ പ്രവർത്തിക്കാനുള്ള ശേഷിയുമുണ്ട്. എല്ലാ ട്രാക്കിങ് ഡിവൈസുകളെയും മറ്റു കടൽക്കെണികളെയും തകർത്തു മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും ഇതിനു ശേഷിയുണ്ട്. ടോർപിഡോയിൽ 100 മെഗാടൺ വരെ ശേഷിയുള്ള ആണവ പോർമുന സ്ഥാപിക്കാനാകുമെന്നാണു കരുതുന്നത്. അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ആണവ ബോംബുകളിലൊന്നായിരിക്കും ഇത്.

എന്നാൽ തികച്ചും ‘ലളിതമായ’ ലക്ഷ്യമാണു ടോർപിഡോയ്ക്കെന്നാണു റഷ്യയുടെ അവകാശവാദം. തുറമുഖങ്ങളിൽ സ്ഫോടനം നടത്തുക, അതുവഴി തീരം യാതൊരു വിധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കാത്ത വിധം ‘റേഡിയോ ആക്ടീവ്’ വികിരണം പരത്തുക, ഇതു വർഷങ്ങളോളം നിലനിൽക്കുകയും ചെയ്യും. സൂനാമിക്കു ശേഷം ഉപയോഗ ശൂന്യമായ തുറമുഖത്തിനു സമാനമായിരിക്കും ഈ ടോർപിഡോയുടെ ആക്രമണത്തിനു ശേഷമുള്ള തീരപ്രദേശമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.