സാൻഫ്രാൻസിസ്കോ∙ ഐ ഫോൺ നിർമാതാക്കളായ ആപ്പിൾ ഒരു ലക്ഷം കോടി ഡോളർ വിപണിമൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി. ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ മൂന്നുദിവസത്തിനിടെ ‘ആപ്പിൾ’ ഓഹരിവില ഒൻപതുശതമാനം വർധിച്ചു. ഓഹരിക്ക് 207.05 ഡോളർ കടന്നതോടെയാണ് കമ്പനിയുടെ മൂല്യം ലക്ഷം കോടി കടന്നത്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 68.64 ലക്ഷം കോടി രൂപ. മൂന്നാം പാദത്തിലെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മൂന്നു ശതമാനം നേട്ടത്തിലായിരുന്നു കമ്പനി. ആപ്പിളിന്റെ ശക്തനായ എതിരാളിയായ ഇന്റർനെറ്റ് കമ്പനി ആമസോണിന് 90,000 കോടി ഡോളറാണ് വിപണി മൂല്യം.
ആപ്പിളിന്റെ ചരിത്രം
സിലിക്കൺവാലിയിലെ കുടുംബത്തിൽ ദത്തുപുത്രനായി വളർന്ന, കോളജ് പഠനം പൂർത്തിയാക്കാനാകാതിരുന്ന, ബുദ്ധമതത്തിൽ ആകൃഷ്‌ടനായ സ്‌റ്റീവ് ജോബ്‌സ് എന്ന ചെറുപ്പക്കാരനാണ് ‘ആപ്പിൾ ടു’ എന്ന ആദ്യത്തെ പഴ്‌സനൽ കംപ്യൂട്ടറിലൂടെ എഴുപതുകളിൽ സാങ്കേതിക വിദ്യാരംഗത്തു വിപ്ലവത്തിനു തുടക്കംകുറിച്ചത്. സുഹൃത്ത് സ്‌റ്റീവ് വൊസ്‌നിയാക്കിനൊപ്പം 1976ൽ ആണ് ആപ്പിൾ കംപ്യൂട്ടറിനു തുടക്കമിട്ടത്.
1984ൽ മക്കിന്റോഷിലൂടെ വീണ്ടും സ്‌റ്റീവ് ജോബ്‌സ് ലോകത്തിന്റെ മനംകവർന്നു. കമ്പനിയിലെ ഉൾപ്പോരിനെ തുടർന്ന് 1985ൽ പുറത്തുപോകേണ്ടി വന്നെങ്കിലും 1997ലെ രണ്ടാം വരവിനുശേഷമാണ് ‘ഐ’പോഡ് ഫോൺപാഡുകളിലൂടെ പുതുചരിത്രമെഴുതിയത്. 2001ൽ ഐപോഡ്, 2007ൽ ഐഫോൺ, 2010ൽ ഐപാഡ്. തൊട്ടതെല്ലാം പൊന്നാക്കിയ സ്‌റ്റീവ് ആശയവിനിമയ, വിവരശേഖരണ, വിനോദ സാധ്യതകൾ അടിമുടി പൊളിച്ചെഴുതി.
ആപ്പിൾ നാൾവഴി
1976: ആപ്പിൾ 1പഴ്‌സനൽ കംപ്യൂട്ടർ കിറ്റ്
1977: ആപ്പിൾ 2
1984: മാകിന്റോഷ്
1989: മാകിന്റോഷ് പോർട്ടബിൾ
1990: മാകിന്റോഷ് എൽസി
1991: പവർബുക്ക്, സിസ്‌റ്റം 7
1997: ആപ്പിൾ സ്‌റ്റോർ
1998: ഐമാക്
1999: ഐബൂക്
2001: ഐപോഡ്
2003: ഐറ്റ്യൂൺസ് സ്‌റ്റോർ
2006: മാക്‌ബുക് പ്രോ
2007: ഐഫോൺ, ആപ്പിൾ ടിവി
2008: ആപ് സ്‌റ്റോർ
2010: ഐപാഡ്
2011: ഐ ക്ലൗഡ്
2012: ആപ്പിൾ ഇയർപോഡ്
2014 ഐ ഫോൺ 6
2015: ആപ്പിൾ വാച്ച്
2016: എയർപോഡ്സ്
2017: ഐ ഫോൺ X
2018: ലക്ഷം കോടി ഡോളർ കമ്പനി