കൊട്ടാരക്കര∙ സോളർ കേസിലെ പ്രതി സരിത നായരുടെ വിവാദ കത്തിൽ തനിക്കും യുഡിഎഫ് നേതാക്കൾക്കുമെതിരേ ലൈംഗിക ആരോപണങ്ങളുന്നയിക്കുന്ന നാലു പേജുകൾ കൂട്ടിച്ചേർത്തത് സരിതയും ഗണേഷ്കുമാറും തമ്മിൽ നടത്തിയ ഗൂഢാലോചനയെത്തുടർന്നാണെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഗണേഷിന്റെ വിരോധമാണ് ഇതിനു പിന്നിൽ. യുഡിഎഫ് മന്ത്രിസഭയിൽ നിന്നു പുറത്തുപോയ ഗണേഷ്കുമാറിനു പല കാരണങ്ങളാലും തിരികെ പ്രവേശിക്കുവാൻ സാധിച്ചില്ല. ഇതുമൂലം മുഖ്യമന്ത്രി എന്ന നിലയിൽ തന്നോടും യുഡിഎഫ് നേതാക്കളോടും ഗണേഷിനു വിരോധമുണ്ടായെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കൊട്ടാരക്കര ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകുകയായിരുന്നു അദ്ദേഹം.
സോളർ തട്ടിപ്പിന്റെ പേരിൽ വ്യാപകമായ പരാതി ഉയർന്നപ്പോൾ ടീം സോളർ കമ്പനിയുടെ ഉടമസ്ഥരായ സരിത നായർക്കും ബിജു രാധാകൃഷ്ണനുമെതിരേ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവർക്കെതിരേ നിരവധി ക്രിമിനൽ കേസുകളും റജിസ്റ്റർ ചെയ്തു. മന്ത്രിസഭാ തീരുമാനപ്രകാരം സോളർ കേസിൽ ഒരു കമ്മീഷനെയും നിയമിച്ചു. സരിതാ നായർ തന്റെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനു ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ പത്തനംതിട്ട ജയിലിൽ കൈമാറിയ 21 പേജുള്ള കത്ത് സോളർ കമ്മീഷനു മുന്നിലെത്തിയപ്പോൾ 25 പേജായി വർധിച്ചു. അധികം കൂട്ടിച്ചേർത്ത നാലു പേജുകളിലാണ് തനിക്കും യുഡിഎഫ് നേതാക്കൾക്കുമെതിരേ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ പുറപ്പെടുവിച്ച റിപ്പോർട്ടു റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടു താൻ ഹൈക്കോടതിയെ സമീപിക്കുകയും റിപ്പോർട്ട് ഭാഗികമായി റദ്ദു ചെയ്യുകയും ചെയ്തു. കത്തിലെ അധികമായി എഴുതിച്ചേർത്ത പേജുകളും തുടർന്നുണ്ടായ കണ്ടെത്തലുകളും സർക്കാർ നടപടി ക്രമങ്ങളും പരിശോധിക്കണമെന്നും പേജുകളെ അടിസ്ഥാനമാക്കിയുള്ള വാർത്തകളും പ്രചാരണങ്ങളും അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വിധിച്ചെന്നും ഉമ്മൻ ചാണ്ടി മൊഴി നൽകി.
കത്തിലെ കൂട്ടിച്ചേർത്ത പരാമർശങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ സത്യാവസ്ഥ തെളിയിക്കണം എന്നുമാവശ്യപ്പെട്ടു സുധീർ ജേക്കബ് എന്നയാൾ ഫയൽ ചെയ്ത കേസിലാണ് ഇന്നലെ ഉമ്മൻ ചാണ്ടി നേരിൽ ഹാജരായി മൊഴി നൽകിയത്. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എം.രാജപ്പൻനായർക്കു മുൻപാകെയാണ് മൊഴി നൽകിയത്.
എന്നാല്‍ കേസിലെ മുഖ്യ പ്രതിയായിരുന്ന സരിത എസ്.നായര്‍ ഇക്കാര്യം നിഷേധിച്ചു രംഗത്തെത്തി. സ്വയം എഴുതിയ കത്താണ് ഇതെന്നും ആരും പിന്തുണച്ചിട്ടില്ലെന്നും സരിത പറഞ്ഞു. ഉമ്മന്‍ ചാണ്ടി കത്തിനെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഈ പ്രതികരണം. തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സരിത പറഞ്ഞു.