Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഖ് വിഘടനവാദികളുടെ പരിപാടി ലണ്ടനിൽ; തടയണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി യുകെ

theresa-may-narendra-modi ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയൽ ചിത്രം)

ലണ്ടൻ∙ സിഖ് വിഘടനവാദികൾ ലണ്ടനിൽ സംഘടിപ്പിക്കുന്ന പരിപാടി വിലക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി യുകെ. ഈ മാസം 12ന് യുഎസ് കേന്ദ്രമാക്കിയുള്ള ‘സിഖ് ഫോർ ജസ്റ്റിസ്’ എന്ന സംഘടന ട്രഫാൽഗർ സ്വകയറിൽ ‘ലണ്ടൻ പ്രഖ്യാപനം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി തടയണമെന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിച്ചത്.

പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഹിതപരിശോധനയെന്നാണു വിഘടനവാദികൾ പരിപാടിയെ വിശേപ്പിക്കുന്നത്. പരിപാടിക്ക് കശ്മീരികളുടെ പിന്തുണയുള്ളതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണു വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ ഹൈക്കമ്മിഷണറും യുകെ സർക്കാരിനെ സമീപിച്ചത്. എന്നാൽ തെരേസ മേയുടെ കീഴിലുള്ള സർക്കാർ ഇതു നിരസിക്കുകയായിരുന്നു.

നിയമ വ്യവസ്ഥിതിക്കുള്ളിൽ നിന്നുകൊണ്ട് യുകെയിൽ ആളുകൾക്കു സംഘടിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവകാശമുണ്ടെന്നു യുകെ വിദേശകാര്യ വക്താവ് വ്യക്തമാക്കി. എന്നാൽ ഭീതി സൃഷ്ടിക്കാൻ ഒരു സംഘടനകളെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരിപാടിക്കു ബദലായി മറ്റൊരു പരിപാടിയും ചിലർ സംഘടിപ്പിക്കുന്നുണ്ടെന്നാണു പുറത്തു വരുന്ന റിപ്പോർട്ട്. സിഖ് മനുഷ്യവകാശ സംഘടനയും പരിപാടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. 1984 മുതലുള്ള സിഖ് പോരാട്ടത്തിൽ തുറന്ന ചർച്ചയാണ് ഇനി ആവശ്യമെന്ന് അവർ പറഞ്ഞു.