Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ് ഉടമ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു

Vichai Srivaddhanaprabha

ലണ്ടൻ ∙ ലെസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ് ഉടമ വിഷൈ ശ്രീവദനപ്രഭ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണു. വിഷൈയും മകളും 2 പൈലറ്റുമാരും അടക്കം 5 പേരാണു കോപ്ടറിലുണ്ടായിരുന്നതെന്നാണു വിവരം. ആരും രക്ഷപ്പെട്ടതായി സൂചനയില്ല. എന്നാൽ, വിഷൈ കോപ്ടറിലുണ്ടായിരുന്നോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Vichai Srivaddhanaprabha വിഷൈ ശ്രീവദനപ്രഭ

ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയും വെസ്റ്റ്ഹാം യുണൈറ്റഡുമായി ലെസ്റ്ററിന്റെ സ്വന്തം ഗ്രൗണ്ടിൽ നടന്ന മൽസരം കാണാനെത്തിയതായിരുന്നു വിഷൈയും മകളും. മൽസരം സമനിലയിൽ പിരിഞ്ഞ ശേഷം മടങ്ങിയ ഹെലികോപ്ടർ, നിയന്ത്രണം വിട്ട് ക്ലബിന്റെ കാർ പാർക്കിങ്ങിലാണു തകർന്നു വീണ് കത്തിയമർന്നത്.

തായ്‍ലൻഡ് സ്വദേശിയായ വിഷൈ ഡ്യൂട്ടി ഫ്രീ രംഗത്തെ ഭീമൻ കമ്പനിയായ കിങ് പവർ ഇന്റർനാഷനലിന്റെ ഉടമയാണ്. 2010 ൽ വിഷൈ സ്വന്തമാക്കുമ്പോൾ ലെസ്റ്റർ സിറ്റി തിളക്കമുള്ള ടീമായിരുന്നില്ല. എന്നാൽ, 2016 ൽ എല്ലാവരെയും അമ്പരിപ്പിച്ച് അവർ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ജേതാക്കളായതോടെ വിഷൈയും ഫുട്ബോൾ പ്രേമികളുടെ പ്രിയങ്കരനായി. ലെസ്റ്റർ സിറ്റി ടീമോ കിങ് പവർ കമ്പനിയോ വിഷൈയുടെ മരണം സ്ഥിരീകരിച്ചിട്ടില്ല.

കളിതീർന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണ് കോപ്ടർ പറന്നുയർന്നത്. സ്റ്റേഡിയത്തിനു മുകളിലെത്തിയ ശേഷം നിയന്ത്രണം വിട്ട് ആകാശത്ത് പലവട്ടം തലകുത്തിമറിഞ്ഞാണ് കാർ പാർക്കിങ്ങിൽ ഇടിച്ചു വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. താഴെ ആളുകൾ ഓടിമാറിയതുകൊണ്ട് കൂടുതൽ അപകടമുണ്ടായില്ല.

ഫോബ്സ് മാഗസിന്റെ കണക്കുപ്രകാരം തായ്‍ലൻഡിലെ ഏറ്റവും ധനികനായ അഞ്ചാമത്തെയാളാണ് വിഷൈ. തായ്‍ലൻഡ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്കു പുറമേ, ഷോപ്പിങ് മാളുകൾ, ഓൺലൈൻ വിൽപന സൈറ്റ് തുടങ്ങി ഒട്ടേറെ സംരഭങ്ങളുടെ ഉടമയാണ്. ലെസ്റ്റർ സിറ്റിക്കു പുറമേ വേറെയും ഫുട്ബോൾ, പോളോ ടീമുകൾ സ്വന്തമായുണ്ട്.