ബോട്ടിലിടിച്ചത് ഇന്ത്യൻ ചരക്കുകപ്പലെന്ന് നിഗമനം: കാണാതായവരില്‍ മലയാളിയും

രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന ബോട്ട് കരയ്ക്കെത്തിച്ചപ്പോൾ. ചിത്രം: ടോണി ‍ഡൊമിനിക്

കൊച്ചി∙ മുനമ്പത്തുനിന്നു പോയ മീൻപിടിത്ത ബോട്ടിലിടിച്ച കപ്പൽ‌ കണ്ടെത്തിയതായി വിവരം. ഇന്ത്യൻ ചരക്കുകപ്പലായ എംവി ദേശ് ശക്തി’യാണ് അപകടമുണ്ടാക്കിയതെന്നാണു നിഗമനം. ഇടിച്ച കപ്പൽ ആദ്യം നിർത്തിയെന്നും ഉടൻതന്നെ ഓടിച്ചുപോയെന്നും രക്ഷപെട്ട എഡ്വിൻ പറഞ്ഞു. താനാണു ബോട്ട് ഓടിച്ചിരുന്നതെന്നും മറ്റുള്ളവർ ഉറങ്ങുകയായിരുന്നുവെന്നും എഡ്വിന്റെ മൊഴിയിൽ പറയുന്നു.

ഇന്നലെ മുനമ്പത്തുനിന്നു പോയ മീന്‍പിടിത്ത ബോട്ടിൽ കപ്പലിടിച്ചു മൂന്നു പേരാണ് മരിച്ചത്. രണ്ടു പേരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ഒന്‍പതു പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് ആലുവ ഡിവൈഎസ്പി എൻ.ആർ. ജയരാജ് പറഞ്ഞു. തമിഴ്നാട് രാമൻതുറ സ്വദേശികളായ യുഗനാഥൻ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണു മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. ആകെ 14 പേരാണു ബോട്ടിലുണ്ടായിരുന്നത്. കാണാതായവരിൽ മുനമ്പം മാല്യങ്കര സ്വദേശി ഷിജുവും ഉള്‍പ്പെടുന്നു. മറ്റു തമിഴ്നാട് സ്വദേശികൾ ബന്ധുക്കളാണ്. അപകടത്തെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ലൈവ് അപ്ഡേറ്റ്സിൽ അറിയാം.