കൊച്ചി∙ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ (കെഎസ്ഐഎൻസി) പുതിയ ആഡംബര വിനോദസഞ്ചാര കപ്പലായ നെഫർടിടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നക്ഷത്ര ഹോട്ടലുകളോടു കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഈജിപ്ഷ്യൻ രാജ്ഞിയുടെ പേരുള്ള ഈ കപ്പലിലുളളത്. 200 പേർക്കു യാത്ര ചെയ്യാം. മൂന്നു ഡെക്കുള്ള കപ്പലിൽ ഒാഡിറ്റോറിയം, 150 പേർക്കിരിക്കാവുന്ന ബാങ്ക്വറ്റ് ഹാൾ, ലോഞ്ച് ബാർ, റസ്റ്ററന്റ്, ത്രീഡി തിയറ്റർ, സൺ ഡെക്ക്, കുട്ടികൾക്കുളള പ്ലേ ഏരിയ എന്നിവയാണു ആകർഷണങ്ങൾ.
16 കോടി രൂപ ചെലവിൽ ഗോവയിലെ വിജയ് മറൈൻ ഷിപ്പ്‌യാഡിലാണു കപ്പൽ നിർമിച്ചത്. രാജ്യത്ത് ആദ്യമായിട്ടാണു ഈ രംഗത്തു സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി ഇത്തരം വലിയ കപ്പൽ സ്വന്തമാക്കുന്നതെന്നു കെഎസ്ഐഎൻസി എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. ഈജിപ്ഷ്യൻ ഐതിഹ്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്ന കപ്പൽ പൂർണമായും ശീതികരിച്ചതാണ്. വിനോദസഞ്ചാരത്തിനു പുറമേ മീറ്റിങ്ങുകൾ, കോർപ്പറേറ്റ് കൂട്ടായ്മകൾ, വിവാഹ ആഘോഷങ്ങൾ, പിറന്നാൾ പാർട്ടികൾ എന്നിവയ്ക്കും ഉപയോഗിക്കാം.
എട്ടു മണിക്കൂറോളം തുടർച്ചയായി ഉൾക്കടലിൽ യാത്ര ചെയ്യാനാകും. ലൈസൻസ് ലഭിക്കുന്നതോടെ ലോഞ്ച് ബാറും പ്രവർത്തിക്കും. ഫോർ സ്റ്റാർ വിഭാഗത്തിലുളള നെഫർടിടിയിലെ കാറ്ററിങ് കരാർ അബാദ് ഗ്രൂപ്പിനാണ്. ടിഷ ഷിപ്പിങ് കമ്പിനായാണു ജീവനക്കാരെ നൽകുക. സാഗരറാണിയുടെ വിജയമാണു നെഫർടിടിക്കു പ്രചോദനം. നിരക്കുകൾ സാഗരറാണിയേക്കാളും കൂടുതലായിരിക്കും.
കെഎസ്ഐഎൻസിക്കായി പുതിയതായി രണ്ടു കപ്പലുകൾ കൂടി നിർമാണത്തിലുണ്ടെന്നു മുഹമ്മദ് ഹനീഷ് പറഞ്ഞു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ക്രൂസ് വെസലിന്റെ നിർമാണം ശ്രീലങ്കയിൽ നടക്കുന്നു. ഒാഗസ്റ്റിൽ കോഴിക്കോടായിരിക്കും സർവീസ് നടത്തുക. 160 പേർക്കു താമസിക്കാനും ഉറങ്ങാനും സൗകര്യമുള്ള ആൻഡ്രോമെഡ എന്ന ദീർഘദൂര ക്രൂസ് വെസലിനു കരാർ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.