Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെടിഡിസി പ്രീമിയം ലൈഫ് മെംബർഷിപ് കാർഡ് പദ്ധതിക്കു തുടക്കം

Ktdc

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ആസ്തിയെ പണമാക്കി മാറ്റുന്നതിനുള്ള വിപണന തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്ന്  മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സംസ്ഥാന വിനോദസഞ്ചാര വികസന കോർപറേഷൻ (കെടിഡിസി) സൗജന്യ താമസവും കുറഞ്ഞ നിരക്കിൽ ഭക്ഷണവും വാഗ്ദാനം ചെയ്യുന്ന പ്രീമിയം ലൈഫ് മെംബർഷിപ് കാർഡ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂതന വിഭവ സമാഹരണത്തിനാണ് കാർഡ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇതിന് വ്യാപക പ്രചാരണം നൽകുന്നതിലൂടെ  കെടിഡിസിക്ക് സ്വയംപര്യാപ്തത നേടാനാകുമെന്നും മന്ത്രി പറഞ്ഞു. 

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രീമിയം ലൈഫ് മെംബർഷിപ് പദ്ധതിയുടെ ബ്രോഷർ ധനമന്ത്രിയും  ഉദ്ഘാടന കാർഡ് ടൂറിസം മന്ത്രിയും  ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദിഖ് അഹമ്മദിനു കൈമാറി. 

പ്രീമിയം ലൈഫ് മെംബർഷിപ് കാർഡ് വാങ്ങുന്നവർക്ക് കെടിഡിസിയുടെ 70 സ്ഥാപനങ്ങളിൽ നിന്നു സേവനം ലഭിക്കും. ആജീവനാന്ത അംഗത്വത്തിന് (കെടിഡിസി എലീറ്റ് എൻസെമ്പിൾ) 10 ലക്ഷം രൂപയും സ്ഥാപനങ്ങളുടെ മൂന്നു വർഷത്തേക്കുള്ള അംഗത്വത്തിന് (കെടിഡിസി കോർപറേറ്റ് കലക്ടീവ്) 15 ലക്ഷം രൂപയുമാണ്  ഫീസ്. ഹിൽ സ്റ്റേഷനുകളും  ബിച്ച് റിസോർട്ടുകളുമടക്കം കെടിഡിസിയുടെ എല്ലാ സ്ഥാപനങ്ങളിലും നിശ്ചിത നിരക്കിൽ മേൽത്തരം സൗകര്യങ്ങൾ ലഭ്യമാക്കും. വർഷത്തിലൊരിക്കൽ ഏഴ് രാത്രി സൗജന്യ താമസത്തിനും അവസരം ലഭിക്കും.

കെടിഡിസി ചെയർമാൻ എം. വിജയകുമാർ, മാനേജിങ് ഡയറക്ടർ ആർ. രാഹുൽ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപറേറ്റേഴ്സ് (അയാട്ട) സീനിയർ വൈസ് പ്രസിഡൻറ് ഇ.എം. നജീബ്, കെടിഡിസി  മാർക്കറ്റിങ് മാനേജർ രാജ് മോഹൻ എന്നിവർ പ്രസംഗിച്ചു.