നൂറ്റാണ്ടിലെ ഏറ്റവും ഭീതിദമായ പ്രളയം സൃഷ്ടിച്ച ഭയാശങ്കകളാൽ വിറങ്ങലിച്ച സമൂഹത്തിനു നവകേരള സൃഷ്ടിയുടെ ആശയവും ആഹ്വാനവും ആവോളം ആവേശവും അഭിലാഷങ്ങളും പ്രത്യാശകളുമാണ് നൽകിയിരിക്കുന്നത്. പ്രതിസന്ധിയിൽ കാലിടറിയെങ്കിലും ഫീനിക്സ് പക്ഷിയെപ്പോലെ വിനോദ സഞ്ചാര മേഖല വീണ്ടും പറന്നുയരുകയാണ്. കേരളത്തിലേക്ക് പിന്നെയും സഞ്ചാരികൾ വന്നുചേർന്നു തുടങ്ങി. പക്ഷേ, താൽക്കാലിക കേടുപാടുകൾ തീർത്തു കേരളത്തിലെ വിനോദ സഞ്ചാരമേഖലയെ മുന്നോട്ടു നയിക്കുന്നതിനു പകരം സുസ്ഥിരമായൊരു സംവിധാനമാണ് ഇനി ഒരുക്കേണ്ടത്. പരിസ്ഥിതിക്കു കോട്ടം വരാതെ ഈ മേഖലയെ നവീനവും ശാസ്ത്രീയവും ആയി കെട്ടിപ്പടുക്കുന്നതിനുള്ള അനിവാര്യവും അനുയോജ്യവും ആയ സാഹചര്യം ആണ് ഇപ്പോഴുള്ളത്
പ്രകൃതിയും ടൂറിസവും
ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതിഭംഗിയും പാരിസ്ഥിതിക ഘടകങ്ങളുടെ വ്യത്യസ്തതയും തന്നെയാണ് ഇന്നാട്ടിൽ ഇങ്ങനെയൊരു വ്യവസായത്തിന് പ്രേരകമായതും യാത്രികരെ ആകർഷിച്ചു കൊണ്ടിരിക്കുന്നതും. കേരളത്തിന്റെ നിലനിൽപ്പും അതിലെ പ്രമുഖ വ്യവസായ മേഖലയായ ടൂറിസത്തിന്റെ നിലനിൽപ്പും ആവാസ വ്യവസ്ഥകളുമായി ഇണങ്ങിച്ചേർന്ന ഒന്നാണെന്ന വസ്തുത പറഞ്ഞുതന്ന സുപ്രധാന സംഭവമായിരുന്നു പ്രളയം.
പ്രകൃതി ദുർബല മേഖല കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രം
കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ സിരാകേന്ദ്രം ഇവിടുത്തെ ഏറ്റവും പ്രകൃതി ദുർബല മേഖലകളാണ് എന്നതാണ് കേരളത്തിലെ ടൂറിസം മേഖല തിരിച്ചറിയേണ്ട യാഥാർഥ്യം. മൂന്നാറും കുട്ടനാടും തേക്കടിയും വയനാടും ആലപ്പുഴയും കൊച്ചിയും കൂടിച്ചേരുന്ന കേരളത്തിലെ പ്രകൃതി അനുബന്ധ വിനോദ സഞ്ചാര പ്രദേശമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസത്തിന്റെ കാതൽ. കേരളം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. വ്യവസായങ്ങളുടെ എണ്ണമെടുത്താലും ഇപ്രദേശം മുന്നിൽ തന്നെ. ഇവിടങ്ങളിൽ പ്രളയം ചെറുതല്ലാത്ത ദുരന്തമാണു തീർത്തത്.
പരിമിതികളും ശാസ്ത്രീയ വികസന അജൻഡയും
വിനോദ സഞ്ചാരമേഖലയുടെ പുനർ നിർമാണ പ്രക്രിയയിൽ എത്തി നിൽക്കുന്ന ഈ ഘട്ടത്തിൽ ശാസ്ത്രീയമായി ആസൂത്രണം നടത്തി നവ ടൂറിസം മേഖല സൃഷ്ടിക്കുവാനാണ് ശ്രമിക്കേണ്ടത്. അനിവാര്യമായ പഠനം എല്ലാ മേഖലകളിലും നടത്തേണ്ടിയിരിക്കുന്നു. പരിസ്ഥിതി ആഘാത പഠനം നടത്തിവേണം മുന്നോട്ടു പോകാൻ. അടിസ്ഥാന സൗകര്യവും താമസസൗകര്യവും ഒരുക്കേണ്ട മേഖലകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. പരിസ്ഥിതി ദുർബലമായ മേഖലകളെ നിർമാണ പ്രവർത്തനങ്ങളിൽനിന്നു പരമാവധി ഒഴിവാക്കണം . ഓരോ വിനോദ സഞ്ചാര കേന്ദ്രത്തിന്റെയും വിവിധ തരത്തിലുള്ള വാഹക ശേഷികൾ ഇനിയെങ്കിലും കണ്ടെത്തേണ്ടതുണ്ട്.
അമിതവും അനിയന്ത്രിതവും അശാസ്ത്രീയവുമായ വികസനം ഒട്ടനവധി സാമൂഹിക, സാംസ്കാരിക പാരിസ്ഥിതിക പ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. സുസ്ഥിര വികസന തത്വങ്ങൾ പാലിച്ചു വേണം മുന്നോട്ടു പോകാൻ. ഒരു ടൂറിസം കേന്ദ്രത്തിനകത്തു വന്നു ചേരുന്ന സഞ്ചാരികളുടെ എണ്ണം അനിയന്ത്രിതമാകുവാൻ സാധ്യത ഉള്ളപ്പോൾ പാലിക്കേണ്ട വിസിറ്റർ മാനേജ്മെന്റ് തത്വങ്ങൾ പഠിക്കുവാനും നടപ്പിലാക്കുവാനും ശ്രമിക്കേണ്ടതാണ്. വേൾഡ് ടൂറിസവും ഓർഗനൈസേഷൻ (United Nations World Tourism Organisation-UNWTO) അതിനുവേണ്ട തത്വങ്ങളും നടത്തിപ്പു രീതികളും മാർഗ നിർദേശങ്ങളും വർഷങ്ങൾക്കു മുന്നേ തന്നെ പ്രസിദ്ധീകരിച്ചിരുന്നതാണ്. ഉത്തരവാദിത്ത ടൂറിസം ചടുലമായി, നല്ല രീതിയിൽ ഇപ്പോൾ നടത്തിവരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഇതുകൊണ്ടു മാത്രം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാര്യമായ ഒരു പരിഹാരം സാധ്യമല്ല.
പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് കേരളത്തിലെ ടൂറിസം വകുപ്പിന് വളരെയേറെ പരിമിതികൾ ഉണ്ട്. ഇടയ്ക്കിടയ്ക്ക് പ്രസിദ്ധീകരിക്കാറുള്ള ടൂറിസം നയരേഖകളിലും മാർഗ നിർദേശങ്ങളിലും സുസ്ഥിര വികസന നയങ്ങളെപ്പറ്റിയും മറ്റും പ്രതിപാദിക്കാറുണ്ട്. പലവിധം മാർഗരേഖകളും അവ നടപ്പിലാക്കാനുമുള്ള പദ്ധതികളുമൊക്കെ ടൂറിസം മേഖലയിൽ പലതവണ ഉണ്ടായിട്ടുമുണ്ട്. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപിതമായ ശ്രമം ഉണ്ടെങ്കിൽ മാത്രമേ കാര്യമായ ഒരു മാറ്റം കൊണ്ടു വരുവാൻ കഴിയൂ. മാലിന്യ നിർമാർജന കാര്യത്തിലും ശാസ്ത്രീയത കൈവരിക്കേണ്ടിയിരിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാടിന് അതിന്റെ സകല അന്തസ്സത്തയും നിലനിർത്തി ഒരു നവീന ടൂറിസം മാതൃകയ്ക്കായി നമുക്ക് ശ്രമിക്കാം. ഇനിയും അതിനു കഴിഞ്ഞില്ലെങ്കിൽ വിലാപങ്ങൾ ഇനിയുമൊരുപാട് കേൾക്കേണ്ടിവരും. മാത്രമല്ല, വരും കാലങ്ങളിൽ ടൂറിസം തന്നെ അതിനെ കാർന്നു തിന്നുവെന്നു പറയുന്നതും കേൾക്കേണ്ടിവരും.