തിരുവനന്തപുരം ∙ കേരളം ഇപ്പോൾ അനുഭവിക്കുന്ന മഴക്കെടുതി മനുഷ്യനിര്‍മിത ദുരന്തമാണെന്നു പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണു ദുരന്തത്തിനു കാരണം. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭം നേരിടുന്നതു കൂടുതല്‍ ലളിതമാകുമായിരുന്നെന്നും ഗാഡ്ഗില്‍ പറഞ്ഞു.
'കേരളത്തിലെ കാര്യങ്ങള്‍ ആശങ്കാജനകമാണ്. കാലവര്‍ഷത്തില്‍ നിന്നുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണിപ്പോൾ കാണുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്നു ഗാഡ്ഗിൽ കമ്മിറ്റി ശുപാര്‍ശ നൽകിയിരുന്നെങ്കിലും നടപ്പായില്ല. റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ തീവ്രത കുറയുമായിരുന്നു. ഇക്കാലത്തിനിടയില്‍ കയ്യേറ്റം കുത്തനെ വര്‍ധിച്ചു’– ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഉദ്യോഗസ്ഥരും സാമ്പത്തിക താല്‍പര്യത്തിനായി കൈകോര്‍ത്തു. അവരാണ് യഥാർഥ ഉത്തരവാദികളെന്നും ജനങ്ങള്‍ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗിക്കണമെന്നും ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.