ജലനിരപ്പ് കുറഞ്ഞു: ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു

cheruthoni-dam-shutter
ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ അടച്ചപ്പോൾ. ചിത്രം: അരവിന്ദ് ബാല

തൊടുപുഴ∙ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിൽ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. മൂന്നു ഷട്ടറുകൾ തുറന്ന നിലയിൽ തുടരാനാണു തീരുമാനം. നിലവിൽ 450 ക്യുമെക്സ് വെള്ളമാണ് ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നത്. ഇതോടെ ചെറുതോണി ടൗണിൽ ജലപ്രവാഹം പാലത്തിന് അടിയിൽകൂടി ഒഴുകാൻ തുടങ്ങി. 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയെത്തുമ്പോള്‍ പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവു നിയന്ത്രിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള നേരത്തേ വ്യക്തമാക്കിയിരുന്നു. ഏതുതരത്തിലുള്ള നീരൊഴുക്കു നിയന്ത്രിക്കാനും ബോര്‍ഡ് സജ്ജമാണ്. മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ട സാഹചര്യമില്ല. ബാണാസുരസാഗറില്‍ ബോര്‍ഡിനു വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. 

ഇടുക്കി ഡാമിലെ ജലനിരപ്പ് സുരക്ഷിതപരിധിയില്‍ എത്തിയതോടെയാണു പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കുന്നത്. ജലനിരപ്പ് 2397 അടിക്കു താഴെയെത്തിയാല്‍ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 300 ക്യുമെക്സ് ആക്കാനായിരുന്നു നേരത്തേയുള്ള  തീരുമാനം. എന്നാൽ പിന്നീട് ഇത് 450 ക്യുമെക്സ് ആക്കി. നിലവിൽ ഡാമിലെ ജലനിരപ്പ് 2396.94 അടിയാണ്.