ലണ്ടൻ∙ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായ ലണ്ടൻ ഹീത്രൂവിൽ ഇമിഗ്രേഷൻ പരിശോധനയ്ക്കായി യാത്രക്കാർ ക്യൂനിന്നു വലയുന്നതു രണ്ടര മണിക്കൂറിലേറെ. പത്തും പതിനഞ്ചും മണിക്കൂർ യാത്രചെയ്തു ക്ഷീണിച്ച് അവശരായി എത്തുന്ന യാത്രക്കാരെയാണ് ചെലവു ചുരുക്കലിന്റെ പേരിൽ ഹോം ഓഫിസ് അധികൃതർ (യുകെബിഎ) ക്യൂനിർത്തി വലയ്ക്കുന്നത്. അവധികഴിഞ്ഞു മടങ്ങിയെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഹീത്രൂവിലെ നീണ്ട ക്യൂവാണ് ഇപ്പോൾ ഏറ്റവും വലിയ തലവേദന.
രാജ്യാന്തര യാത്രികരെ പാസ്പോർട്ട്, വിസ പരിശോധനകൾ പൂർത്തിയാക്കി ഇമിഗ്രേഷൻ സീൽ പതിപ്പിച്ച് പരമാവധി 45 മിനിറ്റിനുള്ളിൽ വിമാനത്താവളത്തിൽനിന്നും പുറത്തുവരാൻ അനുവദിക്കണമെന്നാണു വ്യവസ്ഥ. എന്നാൽ ഇതിപ്പോൾ ഒരിക്കലും സാധ്യമാകുന്നില്ല. ജൂലൈയിലെ 31 ദിവസങ്ങളിൽ 30 ദിവസവും 45 മിനിറ്റ് എന്ന ലക്ഷ്യം കൈവരിക്കാനായില്ല. വേനൽക്കാലത്തെ തിരക്കു മറികടക്കാനായി 200 സ്റ്റാഫിനെ അധികമായി നിയോഗിച്ചിട്ടുണ്ടെന്നാണു സർക്കാർ പറയുന്നത്. എന്നാൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ രണ്ടോ മൂന്നോ പേരെ മാത്രമാണു കാണാനാകുന്നതെന്നാണു യാത്രക്കാരുടെ പരാതി.
ജൂലൈ ആറിനാണ് ക്യൂവിന്റെ സമയം റെക്കോർഡ് നീണ്ടത്. യൂറോപ്യൻ യൂണിയനു പുറത്തുള്ള യാത്രക്കാരുടെ ക്യൂവിൽ രണ്ടു മണിക്കൂർ 36 മിനിറ്റ് നിന്നാണു യാത്രക്കാർ അന്നു പുറത്തിറങ്ങിയത്. പ്രായമായവരും പിഞ്ചുകുഞ്ഞുങ്ങളുമായി ദീർഘദൂരയാത്ര കഴിഞ്ഞുള്ള ഈ നിൽപ് അഭയാർഥി ക്യാംപിലേതിനു തുല്യമാണെന്നായിരുന്നു മലയാളിയായ ഒരു യാത്രക്കാരന്റെ പ്രതികരണം. യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്കുള്ളിലെ (ഇഇഎ) 31 രാജ്യങ്ങളിലെയും സ്വിറ്റ്സർലൻഡിലെയും യാത്രക്കാർക്ക് ഇത്തരത്തിൽ ക്യൂ നിൽക്കാതെ സ്വന്തമായി പാസ്പോർട്ട് സ്കാൻ ചെയ്ത് ഇലക്ട്രോണിക് ഗേറ്റിലൂടെ പുറത്തു വരാം.
എന്നാൽ അമേരിക്കയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലെയെല്ലാം പൗരന്മാർ ഈ നീണ്ട ക്യൂവിൽ സ്ഥാനം പിടിക്കണം. അമേരിക്ക പോലുള്ള സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുകൂടി ഇലക്ട്രോണിക് ഗേറ്റിലൂടെ പുറത്തുവരാൻ സാഹചര്യം ഒരുക്കണമെന്നു നേരത്തേ ഹീത്രൂ ചീഫ് എക്സിക്യൂട്ടീവ് സർക്കാരിനു ശുപാർശ നൽകിയിരുന്നെങ്കിലും നടപ്പായിട്ടില്ല. ക്യൂവിലെ തിരക്കു കുറയ്ക്കാൻ ഇതു സഹായകമാകുമായിരുന്നു.
ബ്രിട്ടീഷ് എയർവേസ്, വെർജിൻ അറ്റ്ലാന്റിക്, എമിറേറ്റ്സ് തുടങ്ങിയ വിമാനക്കമ്പനി അധികൃതർ ഇക്കാര്യത്തിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു കത്തു നൽകിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. രാജ്യസുരക്ഷ പ്രധാന കാര്യമാണെങ്കിലും ബ്രിട്ടനേക്കാൾ മികച്ച രീതിയിൽ മറ്റു പല രാജ്യങ്ങളും ഇമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കുന്നുണ്ടെന്നാണു വെർജിൻ അറ്റ്ലാന്റിക് മേധാവി കത്തിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഭൂരിഭാഗം യാത്രക്കാർക്കും സർവീസ് സ്റ്റാൻഡേർഡ് അനുസരിച്ചുള്ള സേവനം ലഭ്യമാകുന്നുണ്ടെന്നും രാജ്യസുരക്ഷയ്ക്കുവേണ്ട അവശ്യമായ പരിശോധനകൾ പൂർത്തിയാക്കാതെ ആളുകളെ കടത്തിവിടാനാകില്ലെന്നുമാണ് ഹോം ഓഫിസിന്റെ വിശദീകരണം. സമ്മർ പ്രഷർ നേരിടാൻ 200 സ്റ്റാഫിനെ അധികമായി നിയോഗിച്ചിട്ടുണ്ടെന്നും ഹോം ഓഫിസ് വക്താവ് വ്യക്തമാക്കുന്നു.