ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കേണ്ടതില്ല: ഹർജി തള്ളി ഹൈക്കോടതി

ശ്രീജിത്ത്.

കൊച്ചി∙ വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി. ശ്രീജിത്തിന്റെ ഭാര്യ അഖില സമർപ്പിച്ച ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ചും സിബിഐ അന്വേഷണ ആവശ്യം തള്ളിയിരുന്നു. തെറ്റുകാരായ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് എത്രയുംവേഗം നടപടിയെടുത്തു; അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഈ സാഹചര്യത്തിൽ പൊലീസ് അന്വേഷണം ശരിയല്ലെന്നോ പക്ഷംപിടിച്ചുള്ളതാണെന്നോ പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സിപിഎമ്മിനു വിരുദ്ധമായ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിൽ ശ്രീജിത്ത് പ്രവർത്തിച്ചതായോ അനുഭാവം കാണിച്ചതായോ വിദൂരസൂചന പോലുമില്ലെന്നു കോടതി വ്യക്തമാക്കി. എതെങ്കിലും പാർട്ടിയുമായി ബന്ധമുണ്ടെന്നും പറയുന്നില്ല. ഈ സാഹചര്യത്തിൽ ശ്രീജിത്തിന്റെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ താൽപര്യമില്ലെന്നു വ്യക്തം. രാഷ്ട്രീയ താൽപര്യമില്ലെങ്കിൽ ജില്ലാ പൊലീസ് മേധാവിയും രാഷ്ട്രീയ പാർട്ടിക്കാരും തമ്മിൽ ഗൂഢാലോചനയ്ക്കു സാധ്യതയില്ലെന്നും കോടതി വിലയിരുത്തി.

കുടുംബാംഗങ്ങളും ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുമാണു കേസിൽ സാക്ഷികൾ. അവർ നൽകുന്ന മൊഴിയെ ആശ്രയിച്ചാകും കേസിന്റെ ഫലം.‌ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആർടിഎഫുകാർ മർദിക്കുന്നതു കുടുംബാംഗങ്ങൾ കണ്ടുവെന്നാണു പറയുന്നത്. എസ്ഐ മർദിച്ചതു കണ്ടതായി കൂട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ പറയുന്നു. അതിനാൽ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നും തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നുമുള്ള ആശങ്കയിൽ കാര്യമില്ല. ഭാര്യ ആവശ്യപ്പെട്ടു എന്നതുകൊണ്ടു മാത്രം സിബിഐ അന്വേഷണം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരം അനുവദിക്കണമെന്നു ഹർജിയിൽ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, കുടുംബത്തിനു 10 ലക്ഷം രൂപയും ഭാര്യയ്ക്കു സർക്കാർ ജോലിയും നൽകിയിട്ടുണ്ട്. അതു തൃപ്തികരമല്ലെങ്കിൽ ഉചിതമായ ഫോറത്തെ സമീപിക്കാവുന്നതാണ്. പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ പൊലീസ് നടത്തുന്ന അന്വേഷണം നിഷ്പക്ഷമാവില്ലെന്ന് ആരോപിച്ചാണു ഹർജി. പ്രത്യേക സംഘമാണു കേസന്വേഷിച്ചതെന്നും ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സിന്റെ രൂപീകരണം നിയമപരമല്ലെന്നും ജില്ലാ പൊലീസ് മേധാവിയെ ചോദ്യം ചെയ്തെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചിട്ടുണ്ട്.

2018 ഏപ്രിൽ ആറിനു രാത്രി 10.30ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതു പിറ്റേന്നു രാത്രി 9.15നാണ്. മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കാതെ ആശുപത്രിയിലാക്കി. ഏഴിനാണ് അറസ്റ്റ് എന്നു വരുത്തിത്തീർക്കാൻ ആറാംപ്രതിയായ ഇൻസ്പെക്ടർ വ്യാജരേഖയുണ്ടാക്കിയെന്നാണു കേസ്. ലോക്കപ്പിൽ ശ്രീജിത്തിനു മർദനമേറ്റെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രോസിക്യൂഷൻ വാദങ്ങളെ ഹർജിക്കാരി എതിർക്കുന്നില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. ശ്രീജിത്തിനെ പിടികൂടിയവരെക്കുറിച്ചും അവർക്കൊപ്പം എസ്ഐ മർദിച്ചതിനെക്കുറിച്ചും പൊലീസ് പറയുന്ന കാര്യത്തിൽ ഹർജിക്കാരി തർക്കമുന്നയിക്കുന്നില്ല. പ്രതികളല്ലാതെ മറ്റേതെങ്കിലും പൊലീസുകാർ മർദിച്ചതായും ആക്ഷേപമില്ല. എന്നിട്ടും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു.

വാസുദേവന്റെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ടു രാഷ്ട്രീയ ഇടപെടലുണ്ടായെന്നും സ്വാധീനത്തിന്റെ ഫലമായി എസ്പിയും സിഐയും മറ്റു പൊലീസുകാരും ഉൾപ്പെട്ട ഗൂഢാലോചനയായി അതു പരിണമിച്ചെന്നും അതിന്റെ ഫലമായി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തെന്നുമാണ് ആരോപിക്കുന്നത്. ഏതെങ്കിലും പാർട്ടിയുമായി ബന്ധമില്ലാത്ത ശ്രീജിത്തിന്റെ വിഷയത്തിൽ രാഷ്ട്രീയ ഇടപെടലിനു സാധ്യതയില്ലെന്നു കോടതി വിലയിരുത്തി.