തിരുവനന്തപുരം∙ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ആക്ട് നിലവില്‍ വന്ന 2017 ഡിസംബർ 30നു മുൻപ് പെര്‍മിറ്റ് അനുവദിക്കുകയും കെട്ടിടങ്ങള്‍ കെട്ടി ഒക്ക്യുപ്പന്‍സി / കെട്ടിടനമ്പര്‍ / പെര്‍മിറ്റ് റിന്യൂവല്‍ എന്നിവയ്ക്കു തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കുകയും ചെയ്യുമ്പോള്‍ ആർഡിഒയുടെ അനുമതിപത്രം വേണമെന്നു പല തദ്ദേശസ്ഥാപന സെക്രട്ടറിമാരും നിര്‍ദ്ദേശിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
406/ആർഎ1/ 2018/ എൽഎസ്ജിഡി 2018 ഓഗസ്റ്റ് 13 പ്രകാരം ഇറക്കിയ സര്‍ക്കുലറില്‍ 2017 ഡിസംബർ 30ന് മുൻപു പെര്‍മിറ്റ് അനുവദിച്ചു നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിട നമ്പര്‍ / ഒക്ക്യുപ്പന്‍സിക്കു തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ ഒരു കാരണവശാലും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ആക്ടിലെ വ്യവസ്ഥകള്‍ ബാധകമാക്കരുത് എന്നു നിഷ്കര്‍ഷിക്കുന്നു.
ഇത്തരം കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നൽകുമ്പോള്‍ അന്നു നിലവിലുണ്ടായിരുന്ന നിയമങ്ങളാണ് ഒക്ക്യുപ്പന്‍സി / കെട്ടിടനമ്പര്‍ നല്‍കുന്ന അവസരത്തില്‍ ബാധകമാക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ആര്‍ഡിഒയുടെ അനുമതിപത്രം ഇല്ലാതെ തന്നെ ഒക്ക്യുപ്പന്‍സി / കെട്ടിട നമ്പര്‍ നല്‍കേണ്ടതാണെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വിശദമാക്കുന്നു.