Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിംലയിൽ 117 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴ; ഇതുവരെ മരിച്ചത് 18 പേർ

himachal-rain-havoc കനത്ത മഴ നാശം വിതച്ച ഹിമാചൽ പ്രദേശിൽനിന്നുള്ള ദൃശ്യം. (ട്വിറ്റർ)

ന്യൂഡൽഹി∙ കനത്ത മഴ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായ ഹിമാചൽ പ്രദേശിൽ, കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. ഹിമാചലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഷിംലയിൽ കഴിഞ്ഞ 117 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണു പെയ്യുന്നതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ ഇനിയും ശക്തിപ്പെടുമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകമായതോടെ ഹിമാചൽ പ്രദേശിൽ റോഡ് ഗതാഗതം താറുമാറായി. ആറു ദേശീയപാതകൾ ഉൾപ്പെടെ 900ൽ അധികം റോഡുകളിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടതായി സംസ്ഥാന സർക്കാർ അറിയിച്ചു. മണ്ണിടിച്ചിലിനു സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു സർക്കാർ അഭ്യർഥിച്ചു.

കൽക്ക – ഷിംല പാതയിലുള്ള എല്ലാ ട്രെയിനുകളും തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. നിയന്ത്രണം ഇന്നും തുടരുമെന്നാണു റയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം. മാൻഡി ജില്ലയിലെ പാൻഡോ അണക്കെട്ടു തുറന്നുവിട്ടിരിക്കുന്നതിനാൽ സമീപ പ്രദേശങ്ങളിൽ ഉള്ളവരും ബീസ് നദിക്കരയിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്നും അറിയിപ്പുണ്ട്.

∙ ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിലും വെള്ളപ്പൊക്കം മൂലം ജനങ്ങൾ വലയുകയാണ്. തലസ്ഥാന നഗരമായ ഡെറാഡൂണിലുൾപ്പെടെ അടുത്ത 24 മണിക്കൂറിൽ കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. നൈനിറ്റാൾ, ഹരിദ്വാർ തുടങ്ങിയ സ്ഥലങ്ങളിലും കനത്തമഴ നാശം വിതച്ചു. റിഷികേശിനു സമീപം ഗംഗാ നദിയിൽ ജലനിരപ്പു ക്രമാതീതമായി ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവിൽ 339.5 അടിയാണു നദിയിലെ ജലനിരപ്പ്. അപായ നിരക്കായ 340.5 അടിക്ക് ഒരു അടി മാത്രം കുറവ്. നദീതീരത്ത് താമസിക്കുന്നവരോട് അടിയന്തര സാഹചര്യം വന്നാൽ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്.

∙ കനത്ത മഴ നാശം വിതച്ചേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും കനത്ത ജാഗ്രത തുടരുകയാണ്. വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളതിനാൽ അടുത്ത 24 മണിക്കൂർ ജാഗ്രത പാലിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ അധികൃതർക്കു നിർദ്ദേശം നൽകി. അടുത്ത 24 മണിക്കൂർ നേരത്തേക്കു കടലിൽ പോകുന്നതിൽനിന്നു മത്സ്യത്തൊഴിലാളികളെയും വിലക്കിയിട്ടുണ്ട്.

related stories