Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രക്കാരുടെ സമരം ഫലം കണ്ടു; തിരുവനന്തപുരത്തേയ്ക്ക് എയർ ഇന്ത്യയുടെ പകരം സർവീസ്

India Air India

ഡൽഹി∙ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി യാത്രക്കാർ അടക്കം പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയതോടെ തിരുവനന്തപുരത്തേക്ക് പകരം വിമാന സർവീസ് നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചു. കനത്ത മഴയെ തുടർന്ന് കൊച്ചിയിലേക്കുള്ള സർവീസ് മുടങ്ങിയതിനാൽ ഡൽഹിയിൽ 110 യാത്രക്കാർ കുടുങ്ങിയിരുന്നു. രാവിലെ അഞ്ചിനു പുറപ്പെടേണ്ട എയർ ഇന്ത്യയിലെ യാത്രക്കാർ ഇതോടെ പകരം സംവിധാനം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തേക്ക് സർവീസ് വേണമെന്ന ആവശ്യം നടക്കില്ലെന്ന കടുംപിടിത്തത്തിലായിരുന്നു എയർ ഇന്ത്യ.

ഇതോടെ യാത്രക്കാർ ഒപ്പിട്ട നിവേദനവുമായി മലയാളികൾ മുന്നിൽ നിന്നു. എന്നിട്ടും ഫലമുണ്ടായില്ല. യാത്രക്കാർ പ്രതിഷേധ സമരവും തുടങ്ങി. ഇതിനിടെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും കെ.സി.വേണുഗോപാൽ എംപിയും എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെട്ടു. ഇതോടെയാണു പകരം സർവീസ് ഏർപ്പെടുത്തിയത്. അമേരിക്കയിൽ നിന്നടക്കം ദീർഘദൂര യാത്ര ചെയ്തെത്തിയ ട്രാൻസിറ്റ് യാത്രക്കാരടക്കം സംഘത്തിലുണ്ട്. പകരം വിമാനം ഏഴിന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. 

ഇന്ന് കൊച്ചിയിൽനിന്നും ജിദ്ദയിലേക്കു പോകേണ്ട എയർ AI963 വിമാനം ഉച്ചകഴിഞ്ഞ് 5.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നാകും പുറപ്പെടുകയെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനം 8.45ന് ജിദ്ദയിലെത്തും. ഈ വിമാനത്തിൽ പോകേണ്ട യാത്രക്കാർ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും എയർ ഇന്ത്യ അറിയിച്ചു.