Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്രാന്റെ താമസം സൈനിക സെക്രട്ടറിയുടെ വീട്ടില്‍; ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ലേലത്തിന്

PAKISTAN-POLITICS/KHAN ഇമ്രാൻ ഖാൻ.

ഇസ്‌ലാമാബാദ്∙ പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയുടെ വസതി ഒഴിവാക്കി താമസിക്കുക സൈനിക സെക്രട്ടറിയുടെ മൂന്നു കിടപ്പുമുറികളുള്ള വീട്ടിൽ. ചെലവുചുരുക്കലിന്റെ ഭാഗമായിട്ടാണ് ഇമ്രാന്റെ തീരുമാനം. ബനിഗലയിലെ സ്വന്തം വീട്ടില്‍ താമസിക്കാനാണ് ആഗ്രഹം. എന്നാല്‍ ജീവനു ഭീഷണിയുണ്ടാകുമെന്നു സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയതുകൊണ്ടാണ് സൈനിക സെക്രട്ടറിയുടെ വീട്ടിലേക്കു മാറുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. 

പ്രധാനമന്ത്രിയുടെ വസതിയില്‍ 524 പരിചാരകരും 80 കാറുകളുമുണ്ട്. ഇതിൽ 33 കാറുകൾ ബുള്ളറ്റ് പ്രൂഫാണ്. നിരവധി ഹെലികോപ്ടറുകളും വിമാനങ്ങളും പ്രധാനമന്ത്രിക്കു വേണ്ടിയുണ്ട്. എന്നാൽ ജനത്തിനു ചെലവിടാന്‍ പണമില്ല. മുമ്പു കൊളോണിയല്‍ യജമാനന്മാര്‍ ജീവിച്ചിരുന്ന അതേ ശൈലിയിലാണ് കുറേ പേർ ഇപ്പോഴും ജീവിക്കുന്നത്. പ്രധാനമന്ത്രി 650 ദശലക്ഷം രൂപയും സ്പീക്കര്‍ക്ക് 160 ദശലക്ഷം രൂപയും എന്തിനാണു ചെലവഴിക്കുന്നതെന്നു മനസിലാകുന്നില്ല. – ഇമ്രാന്‍ പറഞ്ഞു. 

542 പരിചാരകര്‍ക്കു പകരം രണ്ടു ജീവനക്കാരെ മാത്രം തനിക്കൊപ്പം നിര്‍ത്താനാണ് ഇമ്രാന്റെ തീരുമാനം. മൂന്നു കിടപ്പുമുറികളുള്ള വീട്ടില്‍ കഴിയും. ജീവനു ഭീഷണിയുള്ളതുകൊണ്ടു മാത്രം രണ്ടു കാറുകള്‍ ഉപയോഗിക്കും. ബാക്കിയുള്ള ബുളളറ്റ് പ്രൂഫ് കാറുകള്‍ മുഴുവന്‍ ലേലം ചെയ്ത് പണം സര്‍ക്കാര്‍ ഖജനാവിലേക്കു മുതല്‍ കൂട്ടും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ചെലവു ചുരുക്കണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ വസതി ഗവേഷണ സര്‍വകലാശാലയാക്കി മാറ്റണമെന്നാണ് ആഗ്രഹം. ചെലവുചുരുക്കല്‍ ഏതു രീതിയില്‍ നടപ്പാക്കണമെന്നു പഠിക്കാന്‍ ഡോ. ഇസ്രത് ഹുസൈന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

related stories