Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിട്ട് 100 ദിവസം; കൂപ്പുകുത്തി പാക്ക് രൂപ

Imran Khan ഇമ്രാൻ ഖാൻ (ഫയൽ ചിത്രം)

കറാച്ചി ∙ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞ് പാക്കിസ്ഥാൻ രൂപ. ഡോളറുമായുള്ള വിനിമയത്തിൽ 143 ആണ് വെള്ളിയാഴ്ച പാക്ക് രൂപയുടെ മൂല്യം. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികാരമേറ്റെടുത്തതിന്റെ 100–ാം ദിനത്തിൽ തന്നെയാണ് ഈ കൂപ്പുകുത്തലെന്നതു പ്രതിപക്ഷത്തിന് ആയുധമായി.

കഴിഞ്ഞ ആഴ്ച രാജ്യാന്തര നാണ്യനിധിയുമായി നടന്ന ചർച്ചകൾക്കു ശേഷവും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു ശാശ്വത നടപടികൾ സ്വീകരിക്കാത്തതിൽ ഇമ്രാൻ ഖാനെതിരെയും ധമന്ത്രി ആസാദ് ഉമർ ലേയ്ഡിനെതിരെയും വ്യവസായ പ്രമുഖർ അടക്കം രംഗത്തെത്തി. അധികാരമേറ്റതു മുതൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് ഇമ്രാൻ പ്രഖ്യാപിച്ചിരുന്നത്.

സർക്കാരിന്റെ കൈവശമുള്ള ആഢംബര വാഹനങ്ങൾ ലേലം ചെയ്യുക, സുഹൃത് രാജ്യങ്ങളിൽ‌നിന്നു വായ്പ വാങ്ങുക അടക്കമുള്ളവയായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ 100 ദിവസം പിന്നിട്ടിട്ടും ഇതൊന്നും നടപ്പാക്കാൻ സാധിക്കാതിരുന്നതാണ് ഇപ്പോൾ പ്രതിഷേധത്തിനു കാരണം. നാണയപ്പെരുപ്പം പ്രതികൂലമായി ബാധിച്ചതിനാൽ ഈ വർഷമാരംഭം മുതൽ പാക്കിസ്ഥാൻ രൂപയുടെ മൂല്യം മൂന്നിലൊന്നായി കുറഞ്ഞിരുന്നു. കരുതൽ ധനം 40 ശതമാനമായി കുറഞ്ഞതും തിരിച്ചടിയായി. ഒക്ടോബറിൽ ഇമ്രാൻ ഖാന്റെ സൗദി സന്ദർശന വേളയിൽ 600 കോടി ഡോളർ സഹായമായി പാക്കിസ്ഥാൻ കൈപ്പറ്റിയിരുന്നു.

ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനു രാജ്യാന്തര നാണ്യനിധിയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നു ധനകാര്യ മന്ത്രാലയം അറിയിച്ചു. 1980 മുതൽ പാക്കിസ്ഥാൻ രാജ്യാന്തര നാണ്യനിധിയിൽനിന്നു സ്ഥിരമായി വായ്പയെടുക്കുന്നതാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പുതുവഴികൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ ചൈനയിൽനിന്നു സ്ഥിരമായി വായ്പെയെടുക്കാറുള്ള പാക്കിസ്ഥാൻ, രാജ്യാന്തര നാണ്യനിധിയിൽനിന്നു ലഭിക്കുന്ന തുക ഇതു വീട്ടാനായി ഉപയോഗിക്കുമോയെന്നു യുഎസ് ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അടുത്ത വർഷം ജൂണിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ പാക്കിസ്ഥാൻ സമ്പദ്‌വ്യവസ്ഥ നാലു മുതൽ നാലര ശതമാനം വരെ വളർച്ച നേടുമെന്നാണ് ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും പ്രവചനം. കഴിഞ്ഞ സാമ്പത്തിക വർഷം 5.8 ശതമാനമായിരുന്നു വളർച്ചനിരക്ക്.