കോട്ടയം∙ സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയത്തില്‍ 1000 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക കണക്ക്. അതേസമയം, കേരളത്തിൽ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത് രണ്ടു ശതമാനം കര്‍ഷകര്‍ക്കു മാത്രം. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ആകെ കൃഷി ഇറക്കുന്ന ഏകദേശം 26 ലക്ഷം ഹെക്ടറോളം ഭൂമിയില്‍ 43,299 ഹെക്ടര്‍ മാത്രമാണ് ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. അതായത് വെറും രണ്ടു ശതമാനം.
സംസ്ഥാനത്ത് ആകെയുള്ള ഏതാണ്ട് 19 ലക്ഷത്തോളം വരുന്ന കര്‍ഷകരില്‍ 46,136 പേര്‍ മാത്രമാണ് കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമ യോജന (പിഎംഎഫ്ബിവൈ) പ്രകാരം വിള ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. നടപടിക്രമങ്ങള്‍ ലഘൂകരിച്ച് എത്രയും പെട്ടെന്നു കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ചു കര്‍ഷകര്‍ക്കു മാത്രമേ ഇതിന്റെ പ്രയോജനം കിട്ടാനിടയുള്ളൂ.
സംസ്ഥാന സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാര്യം ഇതിലും പരിതാപകരമാണ്. 14 ജില്ലകളില്‍നിന്നുമായി 22,756 കര്‍ഷകര്‍ മാത്രമാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രളയം ഏറ്റവുമധികം ബാധിച്ച പത്തനംതിട്ട ജില്ലയില്‍ 273 കര്‍ഷകരും ആലപ്പുഴയില്‍ 718 കര്‍ഷകരും ഇടുക്കിയില്‍ 550 പേരും എറണാകുളത്ത് 933 പേരും മാത്രമാണു തങ്ങളുടെ വിള ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കുറവ് വയനാട്ടിലാണ് - 31 കര്‍ഷകര്‍. കോഴിക്കോട് -5958 പേരും കണ്ണൂരില്‍ 3020 പേരും കോട്ടയത്ത് 2151 പേരും പാലക്കാട് 1754 പേരും പദ്ധതിയിലുണ്ട്.
കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന പദ്ധതിയില്‍ കേരളത്തില്‍നിന്നു വെറും രണ്ടര ശതമാനം കര്‍ഷകരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അതുതന്നെ വായ്പ എടുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കിയതു കൊണ്ടു മാത്രം.
2016-ഖാരിഫില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട 21,046 കര്‍ഷകര്‍ക്ക് 17.35 കോടി രൂപ നഷ്ടപരിഹാരം കിട്ടിയിരുന്നു. ആകെ 17.96 കോടിയുടെ ക്ലയിമാണു സമര്‍പ്പിച്ചിരുന്നത്. 2016-17 റാബിയില്‍ ആകെ 45,874 പേരാണ് പിഎംഎഫ്ബിവൈയില്‍ അംഗമായത്. 25.96 കോടിയുടെ ക്ലയിം സമര്‍പ്പിച്ചെങ്കിലും 3.32 കോടി മാത്രമാണ് അംഗീകരിച്ചത്. 2016-17-ല്‍ 77,000 പേര്‍ പദ്ധതിയില്‍ അംഗമായിരുന്നെങ്കില്‍ 2017-18-ല്‍ ഇത് 46,136 ആയി കുറഞ്ഞു.
ഇന്‍ഷുറന്‍സ് കമ്പനികള്‍ പണം നല്‍കാന്‍ വൈകുന്നതാണ് അംഗത്വം കുറയാന്‍ കാരണമെന്ന് ഒരു വിഭാഗം കര്‍ഷകര്‍ പറയുന്നു. 2017-18-ല്‍ ഒറ്റ കര്‍ഷകനു പോലും നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണു റിപ്പോര്‍ട്ട്. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2017-18-ല്‍ 24,450 കോടി രൂപയാണ് പ്രീമിയമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്ത്യയിലാകെ പിരിച്ചെടുത്തത്.
അതേസമയം നിരന്തരം ആവശ്യപ്പെട്ടിട്ടും കര്‍ഷകര്‍ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമാകാന്‍ വിമുഖത കാട്ടുകയാണെന്നു കൃഷി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ക്കാര്‍ പദ്ധതികളില്‍നിന്ന് സഹായം ലഭിക്കാന്‍ വിള ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. ഇപ്പോഴുണ്ടായ കൃഷി നാശത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയെങ്കിലും കര്‍ഷകര്‍ വിള ഇന്‍ഷുര്‍ ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.