ന്യൂഡൽഹി ∙ വെളിച്ചെണ്ണ ശുദ്ധ വിഷമാണെന്നും ഇത് ഉപയോഗിക്കുന്നതു പോലെ ദോഷകരമായി മറ്റൊന്നുമില്ലെന്നും ഹാർവഡ് സർവകലാശാലയിലെ പ്രഫസര്‍. ഒരു വിഡിയോ പ്രഭാഷണത്തിലാണു പ്രഫസർ കാരിൻ മിക്കൽസ് ഈ ആരോപണം ഉന്നയിച്ചത്. യൂട്യൂബിൽ അപ്‍ലോഡ് ചെയ്ത വിഡിയോ ഇതിനോടകം ഒരു ദശലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു.
വെളിച്ചെണ്ണയിൽ പൂർണമായും അലിഞ്ഞു ചേർന്ന കൊഴുപ്പിന്‍റെ അളവ് കൂടുതലാണെന്നും ഇത് ഉയർന്ന കൊളസ്ട്രോൾ നിരക്കിനും അതുവഴി ഹൃദയാഘാതത്തിനും കാരണമാകുമെന്നാണ് മിക്കൽസിന്‍റെ അവകാശവാദം. വെളിച്ചെണ്ണ ഉപയോഗത്തിനെതിരെ മുന്നറിയിപ്പു നൽകാൻ മാത്രമേ തനിക്കു കഴിയുകയുള്ളൂവെന്നും ‘വെളിച്ചെണ്ണയും മറ്റു പോഷക ന്യുനതകളും’ എന്ന തലക്കെട്ടുള്ള പ്രസംഗത്തിൽ പറയുന്നു. വെളിച്ചെണ്ണ ശുദ്ധ വിഷമാണെന്നു തന്‍റെ പ്രസംഗത്തിൽ മൂന്നു തവണ മിക്കൽസ് ആവർത്തിച്ചിട്ടുണ്ട്.
ഹാർവഡ് സർവകലാശാല പുറത്തിറക്കുന്ന ആരോഗ്യ ന്യൂസ് ലെറ്ററിലും ഇതേ വാദങ്ങൾ ഉയർത്തിയിട്ടുണ്ട്. ഹൃദയാരോഗ്യത്തെ സംബന്ധിച്ചിടത്തോളം വെളിച്ചെണ്ണയുടെ ഉപയോഗം മോശം കാര്യമാണെന്നാണ് ന്യൂസ് ലെറ്റർ പറയുന്നത്. ഹാർവഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഡോക്ടറായ വാൾട്ടർ സി. വില്ലറ്റിന് പക്ഷേ ഇക്കാര്യത്തിൽ മറിച്ചാണ് അഭിപ്രായം. വെളിച്ചെണ്ണ അത്ര അപകടകാരിയല്ലെന്നാണ് വില്ലറ്റിന്‍റെ വാദം. വെളിച്ചെണ്ണ വല്ലപ്പോഴും ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന വില്ലറിന്‍റെ നിലപാടും ഇതേ ന്യൂസ് ലെറ്ററിൽത്തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.