തിരുവനന്തപുരം ∙ മാലിന്യ നീക്കത്തിനുള്ള നഗരസഭകളുടെ അധികാരം സർക്കാർ ഏറ്റെടുത്തു സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്നു. സമീപ പ്രദേശത്തുള്ള രണ്ടോ അതിലധികമോ നഗരസഭകളിലെ മാലിന്യം സംസ്കരിക്കാനുള്ള പൊതു സ്ഥലം കണ്ടെത്തുന്നതിനും മാലിന്യ നീക്കം സ്വകാര്യ ഏജൻസികളെ ഏൽപിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഓർഡിനൻസ് ഇറക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
നഗരസഭാ പരിധിയിലെ മാലിന്യം ശേഖരിക്കുന്നതും സംസ്കരിക്കുന്നതിനു പൊതു സ്ഥലത്തേക്കു കൊണ്ടു പോകുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ നഗരസഭയുടെ അധികാര പരിധിയിൽ നിന്ന്് ഒഴിവാക്കി കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 326-ാം വകുപ്പു ഭേദഗതി ചെയ്തു കൊണ്ടുള്ള ഓർഡിൻസാണ് ഇറക്കുന്നത്.
ഓർഡിനൻസ് നിലവിൽ വരുന്നതോടെ മാലിന്യം ശേഖരിക്കൽ, കൊണ്ടു പോകൽ, സംസ്കരണം എന്നിവ സ്വകാര്യ ഏജൻസികളെ കൊണ്ടു ചെയ്യിക്കാൻ സർക്കാരിന് അധികാരമുണ്ടാകും. രണ്ടിലേറെ നഗരസഭകളെ ഉൾപ്പെടുത്തി മാലിന്യ സംസ്കരണ പ്ലാന്റിനു പൊതു സ്ഥലം കണ്ടെത്തലും സ്ഥാപിക്കലും സർക്കാരിന്റെ ചുമതലയിലായിരിക്കും ചെയ്യുക.
നിലവിൽ മാലിന്യ നീക്കം തദ്ദേശ സ്ഥാപനങ്ങളെയാണ് ഏൽപിച്ചിരിക്കുന്നത്. എന്നാൽ, മാലിന്യ സംസ്കരണത്തിൽ വിജയം വരിക്കാൻ നഗരസഭകൾക്കു കഴിയാത്ത സാഹചര്യത്തിലാണു ഭേദഗതി. ഇതോടെ മാലിന്യ സംസ്കരണത്തിനു നഗരസഭകൾക്കു ലഭിക്കുന്ന ഫണ്ട് ഫലത്തിൽ ഇല്ലാതാകും. പഞ്ചായത്തുകളുടെ അധികാരത്തിൽ മാറ്റം വരുത്തിയിട്ടില്ല.
പ്രത്യേക നിയമസഭാ സമ്മേളനത്തെ തുടർന്ന്് അസാധുവാകുന്ന അഞ്ച്് ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്കു വിടുന്നതിനുള്ള കേരള വഖഫ് ബോർഡ് നിയമഭേദഗതി ഓർഡിനൻസ്, സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ്് അടക്കമുള്ളവയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള 2015 ലെ കേരള സ്പോർട്സ് നിയമ ഭേദഗതി ഓർഡിനൻസ്, കേരള സഹകരണ സംഘം രണ്ടാം ഭേദഗതി ഓർഡിനൻസ്, കാലിക്കറ്റ്് സർവകലാശാലാ സിൻഡിക്കേറ്റ്–സെനറ്റ് ബദൽ ക്രമീകരണ ഓർഡിനൻസ്, പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നതിനുള്ള ഓർഡിനൻസ് എന്നിവയാണവ.