മന്ത്രി സുനിൽകുമാറിനെ ആർഎസ്എസ് കാര്യവാഹക് ആക്കി; ഞങ്ങളുടെ സഖാവാണെന്ന് സിപിഐ

തിരുവനന്തപുരം∙ കേരളത്തിന്റെ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറിനെ ആർഎസ്എസ് കാര്യവാഹക് ആക്കി പ്രചാരണം. മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന സംഘപരിവാർ, സേവാഭാരതി പ്രവർത്തകരുടെ ചിത്രങ്ങൾ കേരളത്തിനകത്തും പുറത്തും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. ഇതിന്റെ ചുവടു പിടിച്ചു ദേശീയതലത്തിൽ ആർഎസ്എസ് പ്രചാരണം ശക്തമാണ്. എന്നാൽ അങ്ങനെ പ്രചരിച്ച ഒരുചിത്രത്തിൽ സിപിഐ മന്ത്രി വി.എസ്. സുനിൽകുമാറും ഉൾപ്പെട്ടതാണു വിവാദമായത്.

ദുരിതമുഖത്തു ശക്തമായ പ്രവര്‍ത്തനം നടത്തുന്ന ആര്‍എസ്എസ് കാര്യവാഹക് എന്ന നിലയിൽ പ്രചരിക്കുന്ന ചിത്രത്തിനെതിരെ സിപിഐ തന്നെ രംഗത്തെത്തി. ഇതു ഞങ്ങളുടെ സ്വന്തം സഖാവാണെന്ന് അറിയിച്ചുകൊണ്ടു സിപിഐ ദേശീയ സമിതി വാര്‍ത്താക്കുറിപ്പ് ഇറക്കി. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിലെ മന്ത്രിയാണു സുനിൽകുമാറെന്നു വ്യക്തമാക്കിയ സിപിഐ ആര്‍എസ്എസിനു പരസ്യമായി താക്കീതും നല്‍കി. ആർഎസ്എസ് പ്രവര്‍ത്തകര്‍ നുണ പ്രചാരണം അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.