'താൽപര്യം മുസ്‌ലിം ലീഗില്‍, ജയം ഉറപ്പാണല്ലോ': രാഷ്ട്രീയ പ്രവേശന വിവാദത്തിൽ തുമ്മാരുകുടി

മുരളി തുമ്മാരുകുടി. ചിത്രം: ഫെയ്സ്ബുക്

കോട്ടയം∙ രാഷ്ട്രീയത്തിൽ ചേരുന്നെന്ന വാർത്തകളോടു പ്രതികരിച്ച് യുഎന്‍ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. അടുത്ത സുഹൃത്തുക്കൾക്ക് അറിയാവുന്നതുപോലെ ദുരന്ത ലഘൂകരണ വിദഗ്ധൻ എന്ന നിലയിൽ തന്റെ യഥാർഥ താൽപര്യം മുസ്‌ലിം ലീഗിലാണെന്നു പരിഹാസരൂപേണ തുമ്മാരുകുടി വിശദീകരിച്ചു. സമൂഹമാധ്യമമായ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് തുമ്മാരുകുടിയുടെ വിശദീകരണം. 

‘എംടി രണ്ടാമൻ സിപിഎം സീറ്റിനുവേണ്ടി ശ്രമിച്ചു പരാജയപ്പെട്ടു എന്നാണ് ഒരു വാർത്താ റിപ്പോർട്ടിൽ പറയുന്നത്. ഇപ്പോൾ സിപിഐയും ബിജെപിയും നോക്കുന്നു. ഇനി അതും പരാജയപ്പെട്ടാൽ, അയാൾ കോൺഗ്രസിലേക്കു പോകും എന്നും റിപ്പോർട്ടുണ്ട്. ദുരന്ത ലഘൂകരണ വിദഗ്ധൻ എന്ന നിലയിൽ എന്റെ യഥാർഥ താൽപര്യം മുസ്‌ലിം ലീഗിലാണ്. കാരണം ലീഗിൽ ഒരു സീറ്റ് കിട്ടിയാൽ വിജയം ഉറപ്പാണ്. ഇപ്പോൾ താൻ വയനാട്ടിലെ ദുരന്തബാധിത മേഖലകൾ സന്ദർശിക്കുകയാണ്. അടുത്ത ഒരു മാസത്തേക്ക് ഈ മേഖലയിൽ തന്നെയായിരിക്കും ജോലി. അതുകൊണ്ട് രാഷ്ട്രീയ പ്രചാരണവും കണക്കുകൂട്ടലുമൊക്കെ പിന്നീടാകാം’ – തുമ്മാരുകുടി കുറിച്ചു. 

തുമ്മാരുകുടി സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പുകൾ പുസ്തകമായതോടെ എംടി രണ്ടാമൻ എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങൾ ഉയർന്നിരുന്നു.