തൃശൂർ∙ തന്നെ പരിഹസിച്ച റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യനു മറുപടിയുമായി കൃഷിമന്ത്രി വി.എസ്.സുനില്‍കുമാർ. കുര്യന്‍ ഉദ്യോഗസ്ഥനു വേണ്ട അച്ചടക്കം പാലിച്ചില്ല. മുഖ്യമന്ത്രിയെ വിവരം അറിയിക്കും. നെല്‍കൃഷി വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ അഭിപ്രായങ്ങൾ കുറിപ്പ് എഴുതിയാണ് സര്‍ക്കാരിനു നല്‍കേണ്ടതെന്നും സുനില്‍കുമാര്‍ പറഞ്ഞു.
സര്‍ക്കാരിന്‍റെ നയം നടപ്പാക്കാനാണ് പി. എച്ച്. കുര്യനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കും. കൃഷിയെക്കുറിച്ച് നടത്തിയ പരാമര്‍ശം കുര്യന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും താന്‍ അഭിപ്രായം പറയുന്നില്ലെന്നും കാനം രാജേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
നെൽകൃഷി വർധിപ്പിക്കുന്നത് കൃഷി മന്ത്രിക്ക് മോക്ഷം പോലെയാണെന്നായിരുന്നു പി.എച്ച്.കുര്യന്റെ ആരോപണം. ഒരുനെല്ലും ഒരുമീനും പദ്ധതി കൊണ്ട് ഗുണമുണ്ടാകുന്നില്ല. നെൽകൃഷി അവസാനിപ്പിച്ച് കുടിവെള്ള യൂണിറ്റുകളോ മത്സ്യകൃഷിയോ ടൂറിസമോ നടത്തണം. കുട്ടനാട്ടിലെ നെൽകൃഷി രീതി പരിസ്ഥിതി വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.