ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി: ഡിജിപി ബെഹ്റ

ഡിജിപി ലോക്നാഥ് ബെഹ്റ.

തിരുവനന്തപുരം∙ ജലാശയങ്ങളിലും നദികളിലും പ്ലാസ്റ്റിക്കും ജൈവവിഘടനം സംഭവിക്കാത്ത മറ്റു മാലിന്യങ്ങളും ഇലക്‌ട്രോണിക് വേസ്റ്റും വലിച്ചെറിയുന്നതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന നിർദേശവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ പൊലീസിനെ അധികാരപ്പെടുത്തുന്ന വിവിധ നിയമങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവിലാണ് നിര്‍ദേശം. 

ജലാശയങ്ങള്‍ മലിനീകരിക്കുന്നതിനെതിരെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍, റവന്യൂ തുടങ്ങിയ വകുപ്പുകള്‍, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, മറ്റ് ഏജന്‍സികള്‍ എന്നിവയുമായി ഒത്തുചേര്‍ന്നു ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും പൊലീസിനോട് ഡിജിപി നിർദേശിച്ചു.

ഇന്ത്യന്‍ പീനല്‍ കോഡിലെ 268, 269, 270, 277, 290 വകുപ്പുകള്‍ ജലാശയങ്ങളും ജലസ്രോതസ്സുകളും മലിനമാക്കുന്നതു സംബന്ധിച്ച കുറ്റകൃത്യങ്ങളുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ ബന്ധപ്പെട്ടവയാണ്. സംസ്ഥാനത്തെ ജലസേചന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2003 ലെ കേരള ഇറിഗേഷന്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്റ്റില്‍ 2018 ല്‍ വരുത്തിയ ഭേദഗതി പ്രകാരം ഏതെങ്കിലും ജലനിര്‍ഗമന മാര്‍ഗത്തിലോ ജലവിതരണ സംവിധാനത്തിലോ മാലിന്യങ്ങള്‍ തള്ളുന്നതു പരമാവധി മുന്നുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും അല്ലെങ്കില്‍ രണ്ടും ചേര്‍ത്തും ശിക്ഷ നല്‍കാവുന്ന കുറ്റമാണ്. ഈ കുറ്റത്തിനു പൊലീസ് ഉദ്യോഗസ്ഥന് നേരിട്ട് കേസെടുക്കാം.

2011 ലെ കേരള പൊലീസ് ആക്റ്റ് 120(ഇ) വകുപ്പ് ജലാശയങ്ങള്‍ മലിനമാക്കുന്നതോ പബ്ലിക് സാനിട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതോ പൊതുസ്ഥലങ്ങള്‍ വ്യത്തിഹീനമാക്കുന്നതോ ആയ കുറ്റത്തിനുള്ള ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നു.  കേരള പൊലീസ് ആക്റ്റ് 80(1)എ, (1)ബി വകുപ്പുകള്‍ പ്രകാരം പൊതുശുചിത്വത്തിനും പരിസ്ഥിതിക്കും ഹാനിവരുത്തുന്ന പ്രവര്‍ത്തനങ്ങളും ജലസ്രോതസ്സുകളും ജലാശയങ്ങളും മലിനമാക്കുന്ന പ്രവര്‍ത്തനങ്ങളും തടയുന്നതിനുള്ള റഗുലേഷനുകള്‍ തദ്ദേശ സ്ഥാപനങ്ങളുമായും ജില്ലാ പൊലീസ് മേധാവിമാരുമായും ആലോചിച്ചു വിജ്ഞാപനം ചെയ്യാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്. 

ക്രിമിനല്‍ നടപടിക്രമത്തിലെ (1973) സെക്ഷന്‍ 133 പ്രകാരം ജില്ലാ മജിസ്‌ട്രേറ്റിനോ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനോ സംസ്ഥാന സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന മറ്റ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനോ പൊതുജനങ്ങളുടെ ഉപയോഗത്തിലുള്ള ഏതെങ്കിലും നദിയിലോ ജലാശയത്തിലോ പൊതുസ്ഥലത്തോ നേരിടുന്ന എല്ലാ തടസ്സങ്ങളെയും ശല്യങ്ങളെയും നീക്കം ചെയ്യുന്നതിനു പൊലീസില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെയോ മറ്റ് തരത്തില്‍ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലോ ലഭ്യമായ തെളിവുകള്‍ ശേഖരിച്ചോ നിബന്ധനകളോടെയുള്ള ഉത്തരവ് നൽകാനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 

കേരള മുനിസിപ്പാലിറ്റി ആക്റ്റ് സെക്ഷന്‍ 550, 551, കേരള പഞ്ചായത്തിരാജ് ആക്റ്റ് സെക്ഷന്‍ 252 എന്നിവ പ്രകാരം മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്തിന്റെയോ അധീനതയിലുള്ള ജലാശയങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചാല്‍ നടപടിയെടുക്കാന്‍ പൊലീസ്  ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. കേരള വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ആക്റ്റ് 1986 സെക്ഷന്‍ 46(ഐ)(ഇ) പ്രകാരവും ജലാശയങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കുറ്റകരമാണ്. ഈ നിയമവ്യവസ്ഥകള്‍ സംബന്ധിച്ച് ആവശ്യമായ ബോധവത്കരണം ബന്ധപ്പെട്ട ഏജന്‍സികളുമായി ചേര്‍ന്ന് നടത്തണമെന്നും ജലാശയങ്ങളും നദികളും മലിനമാക്കുന്നവര്‍ക്ക് എതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.