ടോക്കിയോ∙ ഒൻപതു പേരെ കൊന്നശേഷം വെട്ടിനുറുക്കി പെട്ടികളിലാക്കി സൂക്ഷിച്ച ജപ്പാനിലെ ‘ട്വിറ്റർ കൊലയാളി’ അറസ്റ്റിൽ. തകാഹിരോ ശിരൈഷി എന്ന 27കാരനാണു പിടിയിലായത്. ട്വിറ്ററിലൂടെ പരിചയപ്പെട്ടാണു തകാഹിരോ ഇരകളെ കണ്ടെത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.
15 മുതൽ 26 വരെ വയസ്സുള്ളവരാണു കൊല്ലപ്പെട്ടത്. ഇവരിൽ ഒരു യുവതിയുമുണ്ട്. ആത്മഹത്യാ പ്രവണത കാണിക്കുന്നവരുമായി ട്വിറ്ററിലൂടെ അടുക്കുന്ന തകാഹിരോ, സഹായിക്കാമെന്നോ ഒപ്പം മരിക്കാമെന്നോ ഇവർക്കു വാക്കുകൊടുക്കും. ഇതു വിശ്വസിച്ചു വീട്ടിലെത്തുന്നവരെയാണു കൊലക്കത്തിക്ക് ഇരയാക്കിയിരുന്നത്.
കൊലയ്ക്കുശേഷം മൃതദേഹങ്ങൾ വെട്ടിനുറുക്കി കൂളറുകൾ, ടൂൾ ബോക്സുകൾ, പെട്ടികൾ എന്നിവയിലാക്കിയാണു ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ ഹാലോവീൻ ദിനത്തിലാണ് ഇയാളെപ്പറ്റി സംശയം തോന്നിയതും അന്വേഷണം ആരംഭിച്ചതുമെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ മാനസികനില പരിശോധിച്ച ഡോക്ടർമാരുടെ സംഘം, ബോധപൂർവമാണു കുറ്റകൃത്യം ചെയ്തതെന്നു കണ്ടെത്തി. ഒൻപതു കൊലകളും താൻ തന്നെയാണു ചെയ്തതെന്നു പിന്നീടു തകാഹിരോ പൊലീസിനു മൊഴി നൽകി.