ടോക്കിയോ∙ വിശ്വവിഖ്യാതമായ മേജി ക്ഷേത്രത്തിൽ ചുവപ്പു കിമോണോ ധരിച്ചു നവവധുവായി നിൽക്കുമ്പോൾ അയകോ രാജകുമാരി ഏറ്റവും ആഹ്ലാദവതി. രാജകുടുംബാഗമല്ലാത്തയാളെ ജീവിത പങ്കാളിയാക്കി രാജകീയ പദവി തന്നെ ത്യജിച്ചാണ് ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ സഹോദരന്റെ മകളായ അയകോ (28) വാർത്തകളിൽ നിറയുന്നത്.
മുതുമുത്തച്ഛൻ കൂടിയായ മേജി ചക്രവർത്തിയുടെ പേരിലുള്ള ക്ഷേത്രത്തിൽ വച്ച് അവർ വിവാഹംകഴിച്ചതു നിപോൺ യുസെൻ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരൻ കേയ് മോറിയ(32)യെ. ഇതോടെ രാജകുമാരിയെന്നു വിശേഷണമില്ലാതെ അയകോ മോറിയ എന്നാകും പേര്. ജോസായ് ഇന്റർനാഷനൽ യൂനിവേഴ്സിറ്റിയിൽ സാമൂഹികപ്രവർത്തന പഠനങ്ങളിൽ ഗവേഷണ വിദ്യാർഥിയാണിപ്പോൾ.
രാജകുടുംബത്തിനു പുറത്തുനിന്നു വിവാഹം കഴിച്ചു പുതിയ സമ്പ്രദായം തുടങ്ങിവച്ചത് ചക്രവർത്തി അകിഹിതോ തന്നെയായിരുന്നു. കൊട്ടാരത്തിലെ പുരുഷന്മാർ പുറത്തുനിന്നു കണ്ടെത്തുന്ന വധു രാജകുടുംബാംഗമായി അംഗീകരിക്കപ്പെടുമെങ്കിലും പുറത്തുനിന്നു വരനെ കണ്ടെത്തുന്ന രാജകുമാരിമാർ കൊട്ടാരം വിട്ടേ പറ്റൂ. അകിഹിതോയുടെ കൊച്ചുമകളായ മാകോ തന്റെ സഹപാഠി കെയി കൊമുറോയെ വിവാഹം കഴിച്ചു സാധാരണക്കാരിയായത് കഴിഞ്ഞ വർഷമായിരുന്നു.