Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

285 കി.മീ വേഗത്തിൽ ‘മാങ്ഖുട്ട്’ ചുഴലിക്കാറ്റ്; ഭയത്തോടെ 43 ലക്ഷം ആളുകൾ

mangkhut ഫിലിപ്പീൻസ് തീരത്തോടടുക്കുന്ന ‘മംങ്കുട്ട്’ ചുഴലിക്കാറ്റിന്റെ സാറ്റലെറ്റ് ദൃശ്യം. ചിത്രത്തിനു കടപ്പാട്: വിൻഡി.കോം

മനില∙ യുഎസിൽ വൻശക്തിയിൽ ആഞ്ഞടിക്കുമെന്നു കരുതിയ ‘ഫ്ലോറൻസിന്റെ’ ശക്തി കുറഞ്ഞപ്പോൾ ലോകത്തെ ആശങ്കയിലാഴ്ത്തി ‘മാങ്ഖുട്ട്’ ചുഴലിക്കാറ്റ്. ‘അതീവ അപകടകരം’ എന്ന വിഭാഗത്തിൽ‍പ്പെടുന്ന ചുഴലിക്കാറ്റ് ഹോങ്കോങ്, ഫിലിപ്പീൻസ്, ചൈന എന്നിവിടങ്ങളിലേക്കാണു നീങ്ങുന്നത്. ചുഴലി കടന്നുപോകാൻ സാധ്യതയുള്ള കിഴക്കൻ, തെക്കുകിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 43 ദശലക്ഷം ആളുകളെ ബാധിക്കുമെന്നാണു കരുതുന്നത്.

കാറ്റഗറി അ‍ഞ്ചിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാങ്ഖുട്ട്, മണിക്കൂറിൽ 205 മുതൽ 285 കിലോമീറ്റർ വരെ വേഗത്തിലാണു വീശുന്നത്. യുഎസിലെ നോർത്ത് കാരലൈനയിലേക്ക് അടുക്കുന്ന ഫ്ലോറൻസിനേക്കാൾ ശക്തിയേറിയതാണിത്. പട്ടികയിൽ ഏറ്റവും മുകളിലുള്ള മാങ്ഖുട്ട് അപൂർവ ചുഴലിയാണെന്നു ബ്യൂറോ ഓഫ് മെട്രോളജി ഓസ്ട്രേലിയ ട്രോപിക്കൽ കാലാവസ്ഥാ വിദഗ്ധൻ ഗ്രെഗ് ബ്രൗണിങ് അഭിപ്രായപ്പെട്ടു. വലിയൊരു പ്രദേശത്തു അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യയുള്ളതാണ് ഈ ചുഴലിയെന്നും അദ്ദേഹം പറഞ്ഞു.

2018ൽ ഇതുവരെയുണ്ടായ ചുഴലിക്കാറ്റുകളിൽ വലുതാണിത്. 2013ൽ ഫിലിപ്പീൻസ് തീരത്ത് ആഞ്ഞടിച്ച ഹയാൻ ആണ് 1946നു ശേഷമുണ്ടായ ഭീമൻ ചുഴലി. മണിക്കൂറിൽ 230 മുതൽ 325 കിലോമീറ്റർ വേഗത്തിലാണു ഹയാൻ കരയ്ക്കടിച്ചത്. പസിഫിക് സമുദ്രത്തിൽ രൂപപ്പെട്ടപ്പോൾ മാങ്ഖുട്ടിന്റെ വേഗം 450 കിലോമീറ്ററായിരുന്നു. ശനിയാഴ്ചയോടെ തീരത്തടുക്കുന്ന മാങ്ഖുട്ടിന്റെ വേഗം കുറയുമെന്നാണു കാലാവസ്ഥാ കേന്ദ്രങ്ങൾ പറയുന്നത്.

പ്രവചിച്ചതിനേക്കാൾ 500 കിലോമീറ്റർ ചുറ്റളവിൽ ചുഴലിയുടെ പ്രഹരപ്രദേശങ്ങൾ മാറാനുള്ള സാധ്യത 70 ശതമാനമാണെന്നു ഹോങ്കോങ് ഒബ്സർവേറ്ററി ട്രാക്കിങ് സിസ്റ്റം അറിയിച്ചു. ഫിലിപ്പീൻസിൽ ആയിരക്കണക്കിനു കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. രാജ്യത്തു പലയിടത്തും റെഡ് അലർട്ട് പുറപ്പെടുവിച്ചു. മൺസൂണിനൊപ്പം ചുഴലി കൂടി എത്തുമ്പോൾ ഫിലിപ്പീൻസിൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ഭാഗമായി യുഎസിലെ നോർത്ത് കാരലൈനയിൽ ശക്തമായ മഴയും കാറ്റുമാണ്. നദികൾ കരവിഞ്ഞ് ഒഴുകുന്നു. പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. 12,000ത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടന്നതെന്നു നോർത്ത് കാരലൈന ഡിപ്പാർട്മെന്റ് ഓഫ് എമർജൻസി മാനേജ്മെന്റ് പറഞ്ഞു.