കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിട്ടതോടെ തകർന്ന മുല്ലപ്പെരിയാർ ചപ്പാത്ത് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട് കേരള വനംവകുപ്പിനു കത്തു നൽകി.
വള്ളക്കടവിൽനിന്നു പെരിയാർ വന്യജീവി സങ്കേതത്തിലൂടെ അണക്കെട്ടിലേക്കുള്ള റോഡിലെ ചപ്പാത്താണ് ഓഗസ്റ്റ് 15ന് ഒലിച്ചുപോയത്. അണക്കെട്ടിലേക്ക് എത്താൻ നിലവിൽ റോഡില്ല.
അണക്കെട്ടിന്റെ സുരക്ഷാചുമതലയുള്ള കേരള പൊലീസും തമിഴ്നാട് പൊതുമരാമത്തുവകുപ്പും അവരവരുടെ ബോട്ടുകളിൽ തേക്കടി തടാകം വഴിയാണ് അണക്കെട്ടിലേക്കു പോകുന്നത്. കേരള ജലവകുപ്പ് ഉദ്യോഗസ്ഥർ സ്വന്തം ബോട്ടില്ലാത്തതിനാൽ വനംവകുപ്പിന്റെ ബോട്ടാണ് ഉപയോഗിക്കുന്നത്. വണ്ടിപ്പെരിയാർ വള്ളക്കടവു വഴി റോഡുമാർഗവും തേക്കടിയിൽനിന്നു ബോട്ടുമാർഗവുമാണു മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് എത്താനാവുക. പെരിയാർ കടുവാ സങ്കേതത്തിലൂടെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കേണ്ടതു വനംവകുപ്പാണ്. ചപ്പാത്തു തകരുമ്പോൾ അണക്കെട്ടിലുണ്ടായിരുന്ന തമിഴ്നാട് പൊതുമരാമത്തുവകുപ്പിന്റെയും കേരള പൊലീസിന്റെയും ജീപ്പുകൾ ഇതുവരെ പുറത്തെത്തിക്കാനായിട്ടില്ല.