ന്യൂഡൽഹി∙ വിവാദ പരാമർശം നടത്തിയ ഭർത്താവിനെ തള്ളിപ്പറഞ്ഞ് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവൽ. പത്തുപേർ ചേർന്നു മാനഭംഗപ്പെടുത്തുന്ന ഏതൊരു ബിജെപി നേതാവിനും 20 ലക്ഷം രൂപ നൽകുമെന്നുള്ള എഎപി ഹരിയാന സംസ്ഥാന അധ്യക്ഷനും സ്വാതിയുടെ ഭർത്താവുമായ നവീൻ ജയ്ഹിന്ദിന്റെ പ്രസ്താവനയാണു വിവാദമായത്.
ഹരിയാനയിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച ഹരിയാന സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു നവീന്റെ പ്രതികരണം. പെൺകുട്ടിയുടെ മാനത്തിനു രണ്ടുലക്ഷം രൂപ വിലയിട്ട ഹരിയാന സർക്കാരിനെതിരെ നവീൻ രൂക്ഷ വിമർശനമാണു നടത്തിയത്. എന്നാൽ നവീന്റെ പ്രതിഷേധം ഉൾക്കൊള്ളുന്നെങ്കിലും പൊതുപ്രവർത്തകർക്കു നിരക്കാത്ത രീതിയിലുള്ള പ്രതികരണത്തെ അപലപിക്കുന്നതായും ക്ഷോഭം നിയന്ത്രിക്കണമെന്നും സ്വാതി മാലിവൽ പറഞ്ഞു.