ബ്രൂവറി, ഡിസ്റ്റലറി; എക്‌സൈസ് വകുപ്പ് മന്ത്രിയുടെത് കുറ്റസമ്മതം: രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിനെപ്പറ്റിയുള്ള മന്ത്രി ടി.പി.രാമകൃഷ്ണന്റെ വാർത്താസമ്മേളനം അദ്ദേഹത്തിന്റെ കുറ്റസമ്മതമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

പത്രത്തില്‍ പരസ്യപ്പെടുത്തിയിട്ടാണോ ഇതൊക്കെ ചെയ്യേണ്ടതെന്നാണു മന്ത്രി ചോദിക്കുന്നത്. അതു തന്നെയാണു പ്രതിപക്ഷ നേതാവും പറഞ്ഞത്.  അപേക്ഷ ക്ഷണിക്കാതെയും താൽപര്യ പത്രം സ്വീകരിക്കാതെയും ഇഷ്ടക്കാര്‍ക്കു രഹസ്യമായി നല്‍കി എന്നാണു പ്രതിപക്ഷ നേതാവിന്റെ ആരോപണം. മന്ത്രി അതു സമ്മതിച്ചിരിക്കുന്നു–ചെന്നിത്തല പറഞ്ഞു.

1996 ല്‍ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു എന്ന കാര്യം മന്ത്രി മറന്നു പോയോ? അന്ന് അപേക്ഷകളുടെ എണ്ണം കൂടിയതു മൂലം ഷോര്‍ട് ലിസ്റ്റ് ചെയ്യാനായി സെക്രട്ടറിതല കമ്മിറ്റിയെ രൂപീകരിച്ചതും ഓര്‍മ്മയില്ലേ?   ഈ  കമ്മിറ്റിയാണ് ഇനി  പുതിയ ഡിസ്റ്റിലറികള്‍ വേണ്ടെന്ന ഉത്തരവിറക്കിയത്. ഇതൊന്നും പരസ്യമായി ചെയ്യാനാവില്ലെന്ന മന്ത്രിയുടെ നിലപാടു ശരിയാണ്. പരസ്യമായി ചെയ്യാന്‍ കഴിയുന്ന കാര്യമല്ല അഴിമതി. പ്രതിപക്ഷ നേതാവ് അക്കമിട്ടു നിരത്തി ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മന്ത്രി മറുപടി നല്‍കിയിട്ടില്ല. പകരം ഉരുണ്ടു കളിക്കുകയാണു ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.