ആരോപണം അനുഭവത്തില്‍നിന്ന്, ചോദ്യങ്ങള്‍ പരിശോധിച്ചു മറുപടി നല്‍കും: എക്സൈസ് മന്ത്രി

ടി.പി.രാമകൃഷ്ണന്‍

കോഴിക്കോട്∙ ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷനേതാവിന്റെ ചോദ്യങ്ങള്‍ പരിശോധിച്ചു മറുപടി നല്‍കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അഴിമതി ആരോപണം തളളിക്കളയുന്നു. ആരോപിച്ചതുകൊണ്ട് അഴിമതിയാകില്ല. സ്വന്തം അനുഭവത്തില്‍ നിന്നാണ് പ്രതിപക്ഷം അഴിമതി ആരോപിക്കുന്നത്.  മദ്യം ആവശ്യമുളളവര്‍ക്ക് ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

ബ്രൂവറികള്‍ അനുവദിച്ചതില്‍ അഴിമതി ആവര്‍ത്തിച്ച് എക്സൈസ് മന്ത്രിയോട് 10 ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  രംഗത്തെത്തിയിരുന്നു. ബ്രൂവറി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് എവിടെ? ഉണ്ടെങ്കില്‍ പരസ്യപ്പെടുത്താത്ത് എന്ത്? മദ്യനയത്തില്‍  ബ്രൂവറിയുടെ കാര്യമുണ്ടോ? അനുമതി നല്‍കിയ ജില്ലയിലെ എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ ഉത്തരവുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷനേതാവ്  ഉന്നയിച്ചത്. ഇതുവരെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ മറുപടി നല്‍കിയിട്ടില്ലെന്നും  ചോദ്യങ്ങള്‍ കത്തായി എക്സൈസ് മന്ത്രിക്കു നൽകുമെന്നും ചെന്നിത്തല പറഞ്ഞു.