പാക് ഹെലികോപ്റ്റർ വ്യോമപരിധി ലംഘിച്ചു; വെടിയുതിർത്ത് ഇന്ത്യൻ സൈന്യം

പാക് ഹെലികോപ്റ്റർ ഇന്ത്യൻ വ്യോമപരിധി ലംഘിച്ചപ്പോൾ (വിഡിയോ ദൃശ്യം)

ശ്രീനഗർ∙ അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ചു കൊണ്ട് ഇന്ത്യയുടെ വ്യോമപരിധിയിലേക്കു പാക്കിസ്ഥാന്റെ ‘കടന്നുകയറ്റം’. കശ്മീരിലെ പൂഞ്ചിലാണ് പാക് ഹെലികോപ്റ്റർ‌ ഇന്ത്യൻ വ്യോമപരിധിക്കുള്ളിൽ പ്രവേശിച്ചത്. നിയന്ത്രണ രേഖയോടു ചേർന്നു ഞായറാഴ്ച ഉച്ചയ്ക്ക് 12.10–നായിരുന്നു സംഭവം. തുടർന്ന് ഇന്ത്യൻ സൈന്യം ഹെലികോപ്റ്ററിനു നേരെ വെടിയുതിർത്തു.

ഗുൽപുൽ സെക്ടറിലേക്കു കടന്ന വെളുത്ത നിറത്തിലുള്ള ഹെലികോപ്റ്റർ ഏതാനും നേരം ആകാശത്തു നിന്നതിനു ശേഷം തിരികെ പോയി. അതിനിടെയായിരുന്നു ഇന്ത്യയുടെ ഭാഗത്തു നിന്നു വെടിവയ്പ്. ഇന്ത്യയിലേക്കുള്ള വ്യോമപരിധി പാക്കിസ്ഥാൻ ലംഘിച്ചതായി ആർമി പിആർഒ ലഫ്. കേണൽ ദേവേന്ദർ ആനന്ദ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സിവിലിയൻ ഹെലികോപ്റ്ററാണ് ഇതെന്നാണു കരുതുന്നത്. കടന്നുകയറ്റം സംബന്ധിച്ച വിഡിയോയും പുറത്തെത്തിയിട്ടുണ്ട്. തുടരെത്തുടരെ വെടിയൊച്ചയും ഇതിൽ കേൾക്കാം. എന്നാൽ തോക്കുപയോഗിച്ചായിരുന്നു വെടിവയ്പ്. വിമാനത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നില്ല വെടിവയ്പുണ്ടായതെന്നും വിഡിയോയിൽ വ്യക്തമാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലും സമാന സംഭവമുണ്ടായിരുന്നു. എന്നാൽ ഇത്തവണ പാക്കിസ്ഥാൻ മനഃപൂർവമാണോ അതോ അറിയാതെയാണോ വ്യോമാതിർത്തി ലംഘിച്ചതെന്ന് വ്യക്തമല്ല. എത്രനേരം ഇന്ത്യൻ ആകാശത്ത് ഹെലികോപ്റ്റർ നിന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള മറുപടി.