സ്റ്റോക്കോം∙ ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം മൂന്നു പേർക്ക്. ഫ്രാൻസെസ് എച്ച്.ആർണോൾഡ്, ജോർജ് പി.സ്മിത്ത്, സർ ഗ്രിഗറി പി.വിന്റർ എന്നിവരാണു പുരസ്കാരം പങ്കിട്ടത്. മനുഷ്യനു തുണയായ എൻസൈം, പ്രോട്ടീൻ ഗവേഷണങ്ങളാണ് ഇക്കുറി പുരസ്കാരത്തിനു പരിഗണിച്ചത്. രസതന്ത്ര നൊബേൽ തേടുന്ന അഞ്ചാമത്തെ വനിതയാണു ഫ്രാൻസെസ് എച്ച്.അർണോൾഡ്.
എൻസൈമുകളുടെ പരിണാമം സംബന്ധിച്ച ഗവേഷണങ്ങൾക്കാണു കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഫ്രാൻസെസ് എച്ച്.അർണോൾഡിനു പുരസ്കാരം. ആകെ തുകയുടെ പകുതി ഇവർക്കു ലഭിക്കും.
പെപ്റ്റൈഡ്സ്, ആന്റിബോഡീസ് പഠനങ്ങൾക്കാണ് കൊളംബിയയിലെ യൂണിവേഴ്സിറ്റി ഓഫ് മിസോറിയിലെ ജോർജ് പി.സ്മിത്ത്, കേംബ്രിജ് എംആർസി ലബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിലെ ഗ്രിഗറി പി.വിന്റർ എന്നിവർ പുരസ്കാരം പങ്കിട്ടത്.