സ്റ്റോക്കോം∙ ലൈംഗികാപവാദത്തിന്റെ ‘മീ റ്റൂ’ കൊടുങ്കാറ്റിനെത്തുടർന്നു താറുമാറായ സ്വീഡിഷ് അക്കാദമിയിൽ അഴിച്ചുപണി. ഇറാനിയൻ കവി ജില മുസയ്‌ദിനെയും സ്വീഡൻ സുപ്രീം കോടതി ജഡ്ജി എറിക് റനസൊനിനെയും ഉൾപ്പെടുത്തി സാഹിത്യ നൊബേൽ ജൂറി പുനഃക്രമീകരിച്ചു. ഇതോടെ അക്കാദമിയിലെ സജീവ അംഗങ്ങളുടെ എണ്ണം പന്ത്രണ്ടായി.
ടെഹ്റാനിൽ ജനിച്ച ജില മുസയ്‌ദ്(70) പേർഷ്യനിലും സ്വീഡിഷിലും കവിതകളെഴുതുന്നു. സാധാരണയായി അക്കാദമി അംഗങ്ങൾക്ക് ആജീവനാന്ത നിയമനമാണ്. 18 സ്ഥിരാംഗങ്ങളിൽ ഒരാളായ കാതറീന ഫ്രോസ്റ്റൻസനിന്റെ ഭർത്താവായ ജോൻ ക്ലോദ് അർനോയ്ക്കെതിരെ ലൈംഗികാരോപണത്തിനു പിന്നാലെ അംഗങ്ങളിൽ പലരും പ്രതിഷേധസൂചകമായി വിട്ടുനിന്നു. തുടർന്നു ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണു പുതിയ അംഗങ്ങൾക്കു വഴിയൊരുക്കിയത്.
നൊബേൽ ചരിത്രത്തിലെ നാണക്കേടായി മാറിയ ലൈംഗികാപവാദത്തെ തുടർന്ന് ഇത്തവണത്തെ സാഹിത്യ നൊബേൽ പുരസ്കാര പ്രഖ്യാപനം തന്നെ മാറ്റി വയ്ക്കേണ്ടി വന്നു. മാനഭംഗക്കേസിൽ അർനോയ്ക്ക് കോടതി 2 വർഷത്തെ തടവു വിധിച്ചതു കഴിഞ്ഞദിവസമാണ്.