ന്യൂഡൽഹി∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചുമതലയേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു. സുപ്രീം കോടതിയുടെ 46–ാമത് ചീഫ് ജസ്റ്റിസായ രഞ്ജൻ ഗൊഗോയി ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച സ്ഥാനത്തേക്കാണ് എത്തുന്നത്.
അസമിൽനിന്നുള്ള ഗൊഗോയ് 2001 ഫെബ്രുവരിയിലാണ് ഗുവാഹത്തി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2010 സെപ്റ്റംബറിൽ പഞ്ചാബ്–ഹരിയാന ൈഹക്കോടതിയിൽ ജഡ്ജിയായി. പിറ്റേവർഷം ഫെബ്രുവരിയിൽ അവിടെത്തന്നെ ചീഫ് ജസ്റ്റിസായി.2012 ഏപ്രിലിലാണു സുപ്രീം കോടതിയിൽ നിയമിക്കപ്പെട്ടത്.
ജസ്റ്റിസ് ഗൊഗോയിയുടെ പിതാവ് കേശബ് ചന്ദ്ര ഗൊഗോയ് 1982ൽ രണ്ടുമാസം അസമിൽ മുഖ്യമന്ത്രിയായിരുന്നു. മകൻ റക്തിം ഗൊഗോയ് അഭിഭാഷകനാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് രഞ്ജൻ ഗൊഗോയ്.