Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദങ്ങൾക്കിടയിലൂടെ പിറന്ന് തുലാമഴക്കാലം; ലുബാൻ അതിതീവ്ര ചുഴലി ആകുമോ?

വർഗീസ് സി. തോമസ്
India Weather

പത്തനംതിട്ട∙ ചുഴലിക്കാറ്റും ന്യൂനമർദങ്ങളും വട്ടംചുറ്റുന്നതിനിടെ തിങ്കളാഴ്‌ചയോടെ തുലാവർഷത്തിനും തുടക്കമാകും. ഉച്ചകഴിഞ്ഞുള്ള മഴയുടെ രൂപത്തിലാവും രംഗപ്രവേശം. ഈ മാസം 12 വരെ മഴ തുടരും. സാധാരണ ഒക്‌ടോബർ പകുതിക്കു ശേഷമാണ് എത്തുന്നതെങ്കിലും കേരള – തമിഴ്‌നാട് തീരത്തെ കനത്ത മഴമേഘങ്ങളുടെ സാന്നിധ്യമാണു വടക്കു കിഴക്കൻ മഴയ്‌ക്കു നേരത്തെ കളമൊരുക്കുന്നത്. ചെന്നൈ കാലാവസ്ഥാ കേന്ദ്രമാണ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.

തെക്കു പടിഞ്ഞാറൻ കാലവർഷം ഉത്തരേന്ത്യയിൽനിന്നു പിൻവാങ്ങിത്തുടങ്ങുമ്പോഴാണു കേരളത്തിലും തമിഴ്‌നാട്ടിലും തുലാമഴ എത്തുന്നത്. അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കാലവർഷം ആന്ധ്രയിൽനിന്നു പിൻവാങ്ങും. പിന്നെ തമിഴ്‌നാടും കേരളവും പിന്നിട്ടു തെക്കൻ കടലിലേക്ക് ഈ കാറ്റു പൂർണമായും പിന്മാറുന്നതോടെ വടക്കു–കിഴക്കൻ കാറ്റിന്റെ ചിറകിലേറി തുലാമഴക്കാലത്തിനു തിരശീല ഉയരും. ഡിസംബർ 31 വരെയുള്ള മഴയ്ക്ക് ഈ പട്ടികയിലാണു സ്ഥാനം. കേരളത്തിൽ 45 സെന്റീമീറ്ററും തമിഴ്നാട്ടിൽ 75–80 സെന്റീമീറ്റർ വരെയും മഴ ഈ സീസണിലാണു ലഭിക്കുന്നത്.

ഇപ്പോൾ അറബിക്കടലിൽ ശക്‌തിപ്പെടുന്ന അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായാലും ഇല്ലെങ്കിലും കേരള തീരത്ത് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കില്ല. ലുബാൻ ചുഴലി ഒമാനിലേക്കോ ഏദൻ ഉൾക്കടലിലേക്കോ പോകാനാണു സാധ്യത. ഞായർ – തിങ്കൾ ദിവസങ്ങളിൽ മഴയ്‌ക്കു കാരണമാകുമെന്നതൊഴിച്ചാൽ കേരളത്തിൽ ഇതു വലിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനുള്ള സാധ്യത കുറവാണ്. ഗ‍ൾഫ് മേഖലയിൽനിന്നു ചൂടേറിയ പശ്‌ചിമവാതങ്ങൾ ഇന്ത്യയിലേക്കു (വെസ്റ്റേൺ ഡിസ്റ്റേർബൻസ്) വീശിത്തുടങ്ങിയിട്ടുണ്ട്. ഇത് ഉള്ളിലേക്കു കയറിയാൽ ചുഴലിയുടെ ശക്‌തി ക്ഷയിക്കും. എന്നാൽ ലുബാൻ ചുഴലി കാറ്റഗറി 5 സൂപ്പർ സൈക്ലോണായി മാറിയേക്കാമെന്നു ചില വിദേശ കാലാവസ്‌ഥാ നിരീക്ഷകർ പറയുന്നു. അങ്ങനയെങ്കി‍ൽ ഒമാൻ തീരം ജാഗ്രത പാലിക്കേണ്ടിവരും.