‘ആശയങ്ങൾക്ക്’ അംഗീകാരം; സാമ്പത്തിക നൊബേൽ റോമറിനും നോഡ്‌ഹൗസിനും

വില്യം നോഡ്‌ഹൗസ്, പോൾ റോമർ

സ്റ്റോക്കോം∙ സാമ്പത്തികശാസ്ത്രത്തിലെ മികവിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം യുഎസിൽ നിന്നുള്ള വില്യം നോഡ്‌ഹൗസിനും പോൾ റോമറിനും. കാലാവസ്ഥാ വ്യതിയാനവും സാങ്കേതിക മേഖലയിലെ ആശയപരമായ മാറ്റങ്ങളും മുന്നേറ്റങ്ങളും സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള തിയറികൾക്കാണ് ഇരുവർക്കും പുരസ്കാരം. രാജ്യാന്തര സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാലാടിസ്ഥാനത്തിനുള്ള സ്ഥിരവളർച്ചയും ലോക ജനതയുടെ ക്ഷേമവും ലക്ഷ്യമിട്ടുള്ള തിയറികളാണ് ഇരുവരും രൂപപ്പെടുത്തിയത്.

എല്ലാ രാജ്യങ്ങൾക്കും അവിടെ നിന്നു പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിന്റെ അടിസ്ഥാനത്തിൽ ‘കാർബൺ ടാക്സ്’ ഏർപ്പെടുത്തണമെന്നതായിരുന്നു നോർഡ്ഹൗസിന്റെ സിദ്ധാന്തം. വിവിധ രാജ്യങ്ങളുടെ കാലാവസ്ഥാ നയങ്ങൾ എങ്ങനെയാണ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതെന്നും അദ്ദേഹം പഠനവിധേയമാക്കി. നോഡ്ഹൗസിന്റെ സിദ്ധാന്തം ഇന്ന് രാജ്യാന്തര തലത്തിൽ തന്നെ പ്രയോഗിച്ചു ശ്രദ്ധ നേടിയതാണ്.

‘എൻഡോജിനസ് ഗ്രോത്ത് തിയറി’ എന്നറിയപ്പെടുന്ന സിദ്ധാന്തത്തിന് അടിത്തറ പാകുന്ന നിരീക്ഷണങ്ങളുടെ തുടക്കം പോൾ റോമറിൽ നിന്നാണ്. മനുഷ്യന്റെ കഴിവ്, പുതിയ കണ്ടെത്തലുകൾ, അറിവ് എന്നിവയിലേക്കു കൂടുതൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക വളർച്ചയ്ക്കും കരുത്തേകുമെന്നതാണ് എൻഡോജിനസ് ഗ്രോത്ത് തിയറിയുടെ അടിസ്ഥാനം. പലതരം ആശയങ്ങൾ എങ്ങനെയാണ് ദീർഘകാല സാമ്പത്തികവളര്‍ച്ചയിലേക്ക് നയിക്കുന്നത് എന്നതായിരുന്നു റോമറിന്റെ പഠനവിഷയം.

വിവിധ സാമ്പത്തിക ഘടകങ്ങളുടെ സ്വാധീനത്താൽ എങ്ങനെയാണ് സ്ഥാപനങ്ങളുടെ ശ്രദ്ധ പുതിയ ആശയങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും തിരിയുന്നത് എന്നും അദ്ദേഹം തന്റെ പഠനത്തിലൂടെ വ്യക്തമാക്കി.