ഫ്ലോറിഡ∙ കാറ്റഗറി മൂന്ന് വിഭാഗത്തിൽപ്പെടുന്ന ചുഴലിയായ മൈക്കിൾ ഫ്ലോറിഡയുടെ ഗൾഫ് തീരത്തേക്ക് അടുത്തതോടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. കനത്ത നാശം വിതയ്ക്കാനിടയുള്ള തിരകളും കാറ്റും കണക്കിലെടുത്ത് തീരമേഖലയിലുള്ള 5,00,000 ആളുകളോടു സുരക്ഷിതമായ ഉയർന്ന മേഖലകളിലേക്കു നീങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. 13 അടിയോളം ഉയരാൻ സാധ്യതയുള്ള തിരകളോടെ, ചുഴലിക്കാറ്റ് ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയോടെ പാൻഹാൻഡിലിൽ പ്രവേശിക്കാൻ ഇടയുണ്ടെന്നു നാഷനൽ ഹറികെയ്ൻ സെന്റർ മുന്നറിയിപ്പു നൽകി. ചുഴലിക്കാറ്റ് വടക്കുദിശയിലേക്കു നീങ്ങി തുടങ്ങിയതോടെ എണ്ണ, വാതക ഉൽപാദനം വലിയ തോതിൽ തടസ്സപ്പെട്ടിട്ടുണ്ട്.
ഫ്ലോറിഡ സംസ്ഥാനത്ത് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 205 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കാന്‍ സാധ്യതയുള്ള കാറ്റ് മികച്ച രീതിയിൽ നിർമിച്ച കെട്ടിടങ്ങളുടെ മേൽക്കൂരയും മതിലും വരെ തകർക്കാൻ ശക്തിയുള്ളതാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഫ്ലോറിഡ, അൽബാമ, ജോര്‍ജിയ, കരോളിന മേഖലകളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
സമീപകാലത്ത് ഫ്ലോറിഡ കണ്ട ഏറ്റവും ശക്തവും വിനാശകരവുമായ ചുഴലിക്കാറ്റാകും മൈക്കിളെന്നാണ് അനുമാനമെന്ന് ഫ്ലോറിഡ ഗവർണർ റിക്ക് സ്കോട്ട് വ്യക്തമാക്കി. വൈദ്യുതി വിതരണം, ഗതാഗതം, ശുദ്ധജല സംസ്കരണം തുടങ്ങിയ അടിസ്ഥാന മേഖലകളെ ചുഴലിക്കാറ്റ് സാരമായി ബാധിക്കാനിടയുണ്ട്. പാൻഹാൻഡിലിനോട് ചേർന്ന് 322 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തീരപ്രദേശത്തെ വിനോദ സഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. ജോര്‍ജിയയിലെ 92 ഇടങ്ങളിൽ ഗവർണർ നഥാൻ ഡീൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനും ചുഴലിയെ പ്രതിരോധിക്കാനുള്ള നടപടികൾക്കുമായി 2,500 നാഷനൽ ഗാർഡ് സൈനികരെ വിന്യസിച്ചിട്ടുണ്ട്.