കൊച്ചി ∙ ഡബ്ല്യുസിസിയുടെ ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാൻ അമ്മ ശ്രമിക്കുന്നെന്ന് പാർവതി. അമ്മയിൽത്തന്നെ ഭിന്നതയാണ്. അമ്മയുടെ നിലപാടിൽ പ്രതീക്ഷയില്ല. ഡബ്ല്യുസിസിയുടെ ചോദ്യം ലളിതമാണ്. ദിലീപ് സംഘടനയിൽ ഉണ്ടോ ഇല്ലയോ എന്നാണതെന്നും പാർവതി പറഞ്ഞു. ഡബ്ല്യുസിസിയുടെ നിലപാടിനെപ്പറ്റി നടൻ സിദ്ദീഖ് നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു പാർവതി.
ആരെയും അകറ്റി നിർത്താനോ പറിച്ചെറിയാനോ അല്ല ഡബ്ല്യുസിസിയുടെ ശ്രമം. സൈബർ ആക്രമണത്തെ സിദ്ദീഖ് ന്യായീകരിച്ചതു തെറ്റാണ്. കെപിഎസി ലളിതയുടെ വാക്കുകൾ വേദനിപ്പിച്ചു. ജഗദീഷ് പറഞ്ഞതാണോ സിദ്ദിഖ് പറഞ്ഞതാണോ 'അമ്മ'യുടെ നിലപാട് എന്നു സംഘടന തന്നെ വ്യക്തമാക്കണമെന്നും പാര്‍വതി പറഞ്ഞു.
ഡബ്ല്യുസിസിക്ക് മറുപടിയായി ജഗദീഷ് നല്‍കിയ പത്രക്കുറിപ്പിനെച്ചൊല്ലി സിദ്ദീഖും ജഗദീഷും വിരുദ്ധനിലപാടുകൾ പറഞ്ഞതിനെയും പാർവതി വിമർശിച്ചു.