സാക്ഷരതയിൽ രാജ്യത്ത് രണ്ടാമത്; വനിതാ പ്രാതിനിധ്യം ക്യൂവിൽ മാത്രം !

മിസോറമിലെ ഒരു മുൻ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനെത്തിയ യുവതി. – ഫയൽ ചിത്രം.

‘‘വനിതകൾ രാഷ്ട്രീയത്തിലിറങ്ങുന്നത് അംഗീകരിക്കാൻപോലും കഴിയാത്തവരാണ് ഇപ്പോഴും മിസോറമിലെ പുരുഷമേധാവിത്വ സമൂഹം. പക്ഷേ, ഏക വനിതാ അംഗം എന്ന നിലയിൽ നിയമസഭയിലും പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണയും പരിഗണനയും എനിക്കു കിട്ടിയിട്ടുണ്ട്.’’ – വൻലൽഓംപുയി സോങ്തു. (മിസോറമിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി സോങ്‌കുൻഗയുടെ മകളാണ് വൻലൽഓംപുയി സോങ്തു. അടുപ്പക്കാർ വിളിക്കുന്നത് ‘ഒപ്–യി’. സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്നു. 2014ൽ ഉപതിരഞ്ഞെടുപ്പിൽ നിയമസഭാംഗം. 2017ൽ മന്ത്രിസഭയിൽ‍. മിസോറമിന്റെ ചരിത്രത്തില്‍ നാലാമത്തെ വനിതാ എംഎൽഎ, രണ്ടാമത്തെ വനിതാ മന്ത്രി)

സാക്ഷരതയിൽ രാജ്യത്തു രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമാണു മിസോറം. ജനസംഖ്യയിൽ പുരുഷൻമാരെക്കാൾ കൂടുതൽ സ്ത്രീകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മൂന്നാമത്. എന്നാൽ നാൽപതംഗ നിയമസഭയിൽ ആകെയുള്ളത് ഒരു വനിത മാത്രം. നിലവിലെ അംഗം സഭയിലെത്തുന്നതു തന്നെ മുപ്പതു വർഷത്തെ ഇടവേളയ്ക്കു ശേഷം. ഭരണത്തിൽ 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന സ്ത്രീസംവരണബിൽ കോൺഗ്രസ് പാർട്ടി അധികാരത്തിലിരിക്കെ 2008 ലാണു പാസാക്കിയത്. അതേ കോൺഗ്രസിന്, മിസോറമിൽ ഒരു വനിതയെ നിയമസഭയിലെത്തിക്കാൻ ആറു വർഷംകൂടി വേണ്ടിവന്നു.

∙ ഈ തിരഞ്ഞെടുപ്പിൽ

എടുത്തുകാട്ടാൻ തക്കവിധം ഒരു മാറ്റം ഇത്തവണയും പ്രതീക്ഷിക്കേണ്ടെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. നാൽപതിൽ 36 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ, പട്ടികയിൽ ഇടംപിടിച്ചത് നിലവിലെ വനിതാ അംഗം വൻലൽഓംപുയി സോങ്തു മാത്രം. പ്രധാന പ്രതിപക്ഷമായ എംഎൻഎഫ് അവസാനമായി ഒരു വനിതയ്ക്കു സീറ്റ് നൽകിയത് 2003 ൽ. ഇത്തവണയും സ്ഥാനാർഥി പട്ടികയിൽ വനിതാപ്രാതിനിധ്യം ഇല്ലെന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സോറംതാൻഗ വ്യക്തമാക്കിക്കഴിഞ്ഞു. സ്ത്രീകൾക്കു ജനം വോട്ട് ചെയ്യില്ലെന്നും തോൽവി ഉറപ്പിച്ചുള്ള പരീക്ഷണത്തിനുദ്ദേശമില്ലെന്നുമാണു പാർട്ടി നിലപാട്.

മിസോറമിന്റെ ചരിത്രത്തില്‍ നാലാമത്തെ വനിതാ എംഎൽഎയും രണ്ടാമത്തെ വനിതാ മന്ത്രിയുമായ വൻലൽഓംപുയി സോങ്തു.

പഞ്ചഗുസ്തി; സമഗ്രചിത്രം

‌അതേസമയം, കഴിഞ്ഞ വർഷം രൂപീകരിക്കപ്പെട്ട് ഇത്തവണ മൽസര രംഗത്തുള്ള സോറം പീപ്പിൾസ് മൂവ്മെന്റ് രണ്ടു വനിതാ സ്ഥാനാർഥികളെ ഇറക്കിയേക്കുമെന്നു സൂചനയുണ്ട്. പുരുഷവോട്ടർമാരെക്കാൾ എണ്ണത്തിൽ കൂടുതലുള്ളപ്പോഴും മിസോറം രാഷ്ട്രീയത്തിൽ വനിതാ പ്രാതിനിധ്യം പോളിങ് ബൂത്തിലെ ക്യൂവിൽ ഒതുങ്ങുന്നതെന്താവാം? മിസോ സമൂഹത്തിൽ സ്ത്രീയുടെ സ്ഥാനം എന്താണ്?

∙ സമൂഹത്തിൽ

പൂർണമായും പുരുഷകേന്ദ്രീകൃത സമൂഹമാണെങ്കിലും മിസോറമിൽ കുടുംബം നടത്തിക്കൊണ്ടു പോകുന്നത് സ്ത്രീകളാണ്. വീട്ടുജോലികളും വീട്ടുചെലവും കണ്ടെത്തണം. കർഷകകുടുംബങ്ങളിൽ, കൃഷി നോക്കിനടത്തുന്നത് സ്ത്രീകൾ. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിലും മുന്നിൽ വനിതകളെങ്കിലും വിവാഹശേഷം വീട്ടിനുള്ളിലേക്കൊതുങ്ങുന്ന രീതിക്ക് ഇന്നും കാര്യമായ മാറ്റമില്ല. ‘ഉത്തമ സ്ത്രീ’യുെട യോഗ്യതകൾ ശരീര സൗന്ദര്യം, നെയ്ത്തിലും തുന്നലിലുമുള്ള മിടുക്ക്, വീട്ടുജോലിയിലും കൃഷിപ്പണിയിലുമുള്ള വൈദഗ്ധ്യം. പിതാവിന്റെയോ ഭർത്താവിന്റെയോ സ്വത്തിൽ അവകാശങ്ങളില്ല. ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടാൽ, വധുവിന്റെ ‘വില’യായി ഒരു തുകയ്ക്കൊപ്പം നാമമാത്രമായൊരു തുക സെക്യൂരിറ്റി ഡിപ്പോസിറ്റ് കൂടി വീട്ടുകാർക്കു നൽകി അവളെ വിവാഹം ചെയ്യാം. ‘ഞാൻ ഈ ബന്ധം ഒഴിയുന്നു’ എന്ന ഒറ്റവാക്കിൽ ബന്ധം ഒഴിയാം. വിവാഹമോചനം നേടിയാൽ, സ്ത്രീക്ക് സ്വന്തം വീട്ടിലേക്കു മടങ്ങുമ്പോൾ അവളുടെ സാധനസാമഗ്രികൾ കൊണ്ടുപോകണമെങ്കിൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് മടക്കി നൽകണം!

മിസോറം തിരഞ്ഞെടുപ്പ് വാർത്തകൾ കൂടുതൽ അറിയാം

∙ ചരിത്രത്തിൽ

സംസ്ഥാന രൂപീകരണത്തിനു മുൻപ് അസമിന്റെ ഭാഗമായിരുന്നു മിസോറം. ഓരോ ഗ്രാമത്തിന്റെയും അധികാരിയായി ഗ്രാമമുഖ്യൻമാർ. അനന്തരാവകാശികളില്ലാതെ ഗ്രാമമുഖ്യൻ മരിക്കുകയോ അസുഖബാധിതനാവുകയോ ചെയ്താൽ താൽക്കാലികമായി ഭാര്യയ്ക്ക് ആ സ്ഥാനം കൈകാര്യം ചെയ്യാം. സമൂഹത്തിൽ ഇടപെടലിന് സ്ത്രീക്ക് അധികാരമുണ്ടായിരുന്ന ഏക സാഹചര്യം.

അൻപതുകളിൽ ഭരണഘടനാ പ്രകാരം മിസോ ഹിൽസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ രൂപീകരിക്കപ്പെട്ടു. അസമിൽനിന്നുള്ള വേർപിരിയലിന്റെ തുടക്കം. ഗ്രാമമുഖ്യനിൽ നിന്ന് അധികാരം ജനാധിപത്യത്തിലേക്ക്. 

1972

കേന്ദ്ര ഭരണ പ്രദേശമായി. മിസോറമിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്നതും അതേ വർഷം. പ്രധാന രാഷ്ട്രീയ പാർട്ടികളുടേതായി സ്ത്രീ സ്ഥാനാർഥികളുണ്ടായിരുന്നില്ല. സ്വതന്ത്രരായി മൽസരിച്ച രണ്ടുപേർ തോറ്റു.

1978

രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പ്. മിസോറം പീപ്പിൾസ് കോൺഫറൻസ്(എംപിസി) ടിക്കറ്റിൽ മൽസരിച്ച ഏക വനിത, തന്‍മവി വിജയിച്ചു. മിസോറമിലെ ആദ്യ വനിതാ എംഎൽഎ. ഉൾപാർട്ടി പ്രശ്നങ്ങളുടെ തുടർച്ചയായി ആറു മാസത്തിനകം എംപിസി മന്ത്രിസഭ വീണു. ഒരു വർഷം രാഷ്ട്രപതി ഭരണത്തിലായിരുന്നു മിസോറം. മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പ് ’79ൽ. തന്‍മവി വീണ്ടും ജയിച്ചു.

1984

നാലാം പൊതുതിരഞ്ഞെടുപ്പ്. എംപിസി പാർട്ടി ടിക്കറ്റിൽ മൽസരിച്ച കെ. തൻസിയമി നിയമസഭയിലേക്ക്. സർക്കാർ രൂപീകരിച്ചത് കോൺഗ്രസ്. നോമിനേറ്റഡ് എംഎൽഎയായി റോകുൻഗി കൂടി എത്തിയതോടെ സഭയിൽ രണ്ട് വനിതാ അംഗങ്ങൾ.

1987

സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ്. ആകെ മൽസരിച്ചത് രണ്ടു വനിതകൾ. എംഎൻഎഫിന്റെ ലാൽലിംപുയി ഹ്മർ വിജയിച്ചു. മിസോറമിന്റെ ചരിത്രത്തിലെ ആദ്യ വനിതാ മന്ത്രിയുമായി. പക്ഷേ, ലാൽലിംപുയിയുടെ മന്ത്രിസ്ഥാനത്തിന് ഒരു വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 1988 ൽ മന്ത്രിസഭ വീണു.

1989

മിസോറം സംസ്ഥാനത്തെ രണ്ടാം പൊതു തിരഞ്ഞെടുപ്പ്. നാലു വനിതകൾ മൽസരരംഗത്തുണ്ടായിരുന്നെങ്കിലും ആരും ജയിച്ചില്ല. കോൺഗ്രസ് അധികാരത്തിൽ.

1993

മൽസരിക്കാൻ രണ്ടു വനിതകൾ. രണ്ടുപേരും തോറ്റു. കോൺഗ്രസ് വീണ്ടും അധികാരത്തിൽ.

1998

ഏറ്റവും കൂടുതൽ വനിതകൾ മൽസരരംഗത്തുണ്ടായിരുന്ന പൊതു തിരഞ്ഞെടുപ്പ്. എംഎൻഎഫ് ടിക്കറ്റിൽ വെറോനിക്ക കെ. സത്‌ലുവൻഗി, എട്ടു സ്വതന്ത്ര സ്ഥാനാർഥികളും. ഒരു വനിതപോലും വിജയിച്ചില്ല. ഭരണം എംഎൻഎഫിന്.

2003

അഞ്ചു വനിതകൾ. ആരും ജയിച്ചില്ല. ഭരണത്തിൽ എംഎൻഎഫിന് രണ്ടാമൂഴം.

2008

പാർട്ടി ടിക്കറ്റിൽ ഏറ്റവും കൂടുതൽ വനിതകൾ(എട്ടുപേർ) മൽസരിച്ച പൊതുതിരഞ്ഞെടുപ്പ്. പ്രധാന പാർട്ടികളായ കോൺഗ്രസ്, എംഎൻഎഫ്, യുഡിഎ(യുണൈറ്റ‍‍‍ഡ് ഡമോക്രാറ്റിക് അലയൻസ്) വനിതകൾക്ക് ടിക്കറ്റ് നൽകി. ബിജെപി ആകെ മൽസരിച്ച എട്ടു സീറ്റുകളിൽ രണ്ടെണ്ണം വനിതകൾക്കു നൽകി. ലോക് ജനശക്തി പാർട്ടിയും രണ്ടു വനിതകളെ രംഗത്തിറക്കി. ഭരണം കോൺഗ്രസിന്.

2013

ആകെ സ്ഥാനാർഥികൾ 141; വനിതകൾ ആറ്. ആരും ജയിച്ചില്ല. കോൺഗ്രസ് വീണ്ടും അധികാരത്തിൽ. തൊട്ടടുത്ത വർഷം ഉപതിരഞ്ഞെടുപ്പിലൂടെ, വൻലൽഓംപുയി സോങ്തു നിയമസഭയിൽ. 30 വ‍ർഷത്തെ ഇടവേളയ്ക്കു ശേഷം മിസോറം ഭരണത്തിൽ വനിതാസാന്നിധ്യം.

∙ കണക്കുകളിൽ

ആയിരം പുരുഷൻമാർക്ക് 976 സ്ത്രീകളായിരുന്നു 2011ൽ സംസ്ഥാനത്തെ വോട്ടർ അനുപാതം. 2013ൽ, സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്ത്രീ വോട്ടർമാരുടെ എണ്ണം പുരുഷൻമാരെക്കാൾ കവിഞ്ഞു; 1000:1029. എന്നിട്ടും, ആ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുണ്ടായിരുന്നത് ആറു വനിതകൾ. ഒരാൾക്കുപോലും വിജയിക്കാനായില്ല. ഏറ്റവും പുതിയ വോട്ടർ പട്ടിക പ്രകാരം 7.68 ലക്ഷം വോട്ടർമാരാണു സംസ്ഥാനത്ത്. ഇതിൽ 51.2 ശതമാനം സ്ത്രീകൾ(3.93 ലക്ഷം). ആയിരം പുരുഷൻമാർക്ക് 1051 സ്ത്രീകൾ.